പ്രതീകാത്മക ചിത്രം | Getty Images
അഗർത്തല: വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞ കാമുകന് നേരേ യുവതി ആസിഡ് ഒഴിച്ചു. വെസ്റ്റ് ത്രിപുരയിലെ ഖോവായിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 30-കാരനെ അഗർത്തല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ശ്വാസനാളിക്കും മുഖത്തും പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പ്രതിയായ ബിനാത്ത സന്താൽ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ എട്ട് വർഷമായി യുവാവും യുവതിയും പ്രണയത്തിലായിരുന്നു. എന്നാൽ, അടുത്തിടെ യുവാവ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ ബിനാത്ത തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ വിവാഹത്തിന് താൽപര്യമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇതോടെയാണ് യുവാവിന് നേരേ വീട്ടിൽക്കയറി ആസിഡ് ആക്രമണം നടത്തിയത്.
പ്രണയത്തിലായിരുന്ന യുവാവും ബിനാത്തയും നേരത്തെ പൂണെയിൽ ഒരുമിച്ച് താമസിച്ചിരുന്നു. യുവാവ് കോളേജിൽ പഠിക്കുമ്പോൾ യുവതി വീട്ടുജോലി ചെയ്താണ് പണം സമ്പാദിച്ചിരുന്നത്. 2018 മാർച്ചിൽ യുവതിയെ പൂണെയിൽ തനിച്ചാക്കി യുവാവ് നാട്ടിലേക്ക് മടങ്ങി. മൂന്ന് മാസമായിട്ടും കാമുകൻ വിളിക്കുകപോലും ചെയ്തില്ല. 2018 ഓഗസ്റ്റിൽ യുവതി നാട്ടിലേക്ക് പോയെങ്കിലും കാമുകനെ കണ്ടെത്താനായില്ല. തുടർന്ന് റാഞ്ചിയിലേക്ക് പോയ യുവതി അവിടെ ജോലിചെയ്തുവരികയായിരുന്നു.
ദുർഗാപൂജ അവധിക്കായി നാട്ടിൽ തിരികെ എത്തിയപ്പോഴാണ് കാമുകൻ വീട്ടിലുണ്ടെന്ന വിവരമറിഞ്ഞത്. തുടർന്ന് ബിനാത്ത കാമുകന്റെ വീട്ടിലെത്തുകയും തന്നെ വിവാഹം കഴിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ കൈയിൽ കരുതിയ ആസിഡ് എടുത്ത് യുവാവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Content Highlights:acid attack against boyfriend woman held in tripura
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..