
അഭിമന്യൂ, സഹൽ
കൊച്ചി: കര്‍ണാടകത്തില്‍ കോവിഡ് പടര്‍ന്നുപിടിച്ചതോടെ പിടിച്ചുനില്‍ക്കാനാകാതെയാണ് അഭിമന്യു വധക്കേസിലെ പ്രതി സഹല്ഹംസ കീഴടങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. രണ്ടുവര്‍ഷത്തോളം കേരളത്തിനകത്തും പുറത്തുമായി പോലീസ് തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാത്ത പ്രതിയാണ് കീഴടങ്ങിയത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഒളിവില്‍കഴിയവേ വൈറസ് ബാധയുണ്ടെന്നു സംശയമുണ്ടായാല്‍ പരിശോധനയ്ക്കുകഴിയില്ല. എന്നാല്‍, കേരളത്തിലെത്തി കോടതിയില്‍ ഹാജരായാല്‍ നിയമപരിരക്ഷയുടെ ഭാഗമായി പരിശോധനയും ചികിത്സയും കിട്ടും. ഇത് മുന്‍കൂട്ടിക്കണ്ടാണ് ഹാജരായതെന്നാണു കരുതുന്നത്. കര്‍ണാടകയില്‍നിന്ന് റോഡ്മാര്‍ഗം വീട്ടിലെത്തി ഇവിടെനിന്ന് കോടതിയില്‍ ഹാജരായെന്നാണ് പ്രതി പോലീസിനോടു പറഞ്ഞത്.
സഹലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതിയില്‍നിന്ന് എറണാകുളം എ.സി.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഏറ്റുവാങ്ങി. കോവിഡ് പരിശോധനയ്ക്കായി പ്രതിയെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശേഷം കുറ്റവാളികളെ താമസിപ്പിക്കുന്ന കൊരട്ടിയിലെ കേന്ദ്രത്തിലേക്കുമാറ്റി.
പരിശോധനാഫലം വരുന്നതുവരെ ഇവിടെ താമസിപ്പിക്കും. ഫലം പോസിറ്റീവാണെങ്കില്‍ എറണാകുളം മെഡിക്കല്‍കോളേജിലേക്കും നെഗറ്റീവെങ്കില്‍ ജയിലിലേക്കും മാറ്റും. രോഗമില്ലെന്നു തെളിഞ്ഞാല്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എ.സി.പി. എസ്.ടി. സുരേഷ് കുമാര്‍ പറഞ്ഞു.
സഹലിന്റെ അറസ്റ്റോടെ കേസില്‍ നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളും അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരാണ് പ്രതികള്‍. അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ മുഹമ്മദ് ഷഹിം കഴിഞ്ഞ നവംബറില്‍ കീഴടങ്ങിയിരുന്നു. അഭിമന്യുവിനെ കുത്താന്‍ പിടിച്ചുനിര്‍ത്തിക്കൊടുത്ത വി.എന്‍. ഷിഫാസ്(23) ഉള്‍പ്പെടെ പലരും നേരത്തേ കീഴടങ്ങുകയായിരുന്നു. ഈ മാസം 25-ന് കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സഹല്‍ കീഴടങ്ങിയത്.
ആദ്യം എറണാകുളം സെന്‍ട്രല്‍ സി.ഐ. അന്വേഷിച്ച കേസ് പിന്നീട് എ.സി.പി. എസ്.ടി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം കണ്ടെടുക്കണമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തണം. 1,500 പേജ് കുറ്റപത്രമാണ് നല്‍കിയിട്ടുള്ളത്.
Content Highlights: abhimanyu murder case accused sahal was stayed in karnataka for two years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..