Photo: twitter.com|hydcitypolice
ഹൈദരാബാദ്: സ്പാനിഷ് ടി.വി. സീരിസായ മണിഹെയ്സ്റ്റില്നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തട്ടിക്കൊണ്ടുപോകലും കുറ്റകൃത്യങ്ങളും നടത്തിയ നാലംഗസംഘം പിടിയില്‍. ആത്തപ്പുര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഗുഞ്ചപൊകു സുരേഷ്(27) മെഹ്ദിപട്ടണം സ്വദേശികളായ രോഹിത്(18) ജഗദീഷ്(25) കുനാല്‍(19) എന്നിവരെയാണ് ഹൈദരാബാദ് പോലീസ് പിടികൂടിയത്. ഇവരുടെ സംഘത്തില്‍പ്പെട്ട ശ്വേത ചാരി എന്ന യുവതി ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കുപ്രസിദ്ധ മോഷ്ടാവായ ഗുഞ്ചപൊകു സുധാകറിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതിയായ സുരേഷ്. ഓട്ടോ ഡ്രൈവറായ ഇയാള്‍ മണിഹെയിസ്റ്റ് സീരിസ് കണ്ടതോടെയാണ് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തത്. പരിചയമുള്ളവരുടെ മക്കളെ തട്ടിക്കൊണ്ടുപോയി പണം തട്ടലായിരുന്നു രീതി. ഇത്തരത്തില്‍ പോലീസിന് ലഭിച്ച ഒരു തട്ടിക്കൊണ്ടുപോകല്‍ പരാതിയിലാണ് നാലംഗസംഘം പിടിയിലായത്.
മണിഹെയിസ്റ്റ് സീരിസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സുരേഷ് സ്വയം 'പ്രൊഫസറായി' സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. സീരിസില്‍ 'പ്രൊഫസര്‍' എന്ന കഥാപാത്രമാണ് കവര്‍ച്ചയും മറ്റുമെല്ലാം ആസൂത്രണം ചെയ്യുന്നത്. ഇതുപോലെ സുരേഷും തന്റെ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു. സീരിസിലേതിന് സമാനമായി ഇവര്‍ക്ക് ബെര്‍ലിന്‍, ടോക്കിയോ, റിയോ, നെയ്റോബി തുടങ്ങിയ പേരുകളും നല്കി. തുടര്‍ന്നാണ് വിവിധയിടങ്ങളില്‍നിന്നായി പലരെയും തട്ടിക്കൊണ്ടുപോയി പണം തട്ടിയത്.
സുരേഷിന് അറിയാവുന്ന സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ളവരുടെ മക്കളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ ഗുഡിമാല്‍ക്കപുര്‍ സ്വദേശിയായ 19-കാരനെ ഇവര്‍ തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യമായി 50000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ഈ സംഭവത്തില്‍ പോലീസിന് പരാതി ലഭിച്ചതോടെയാണ് അന്വേഷണം നടത്തി നാലുപേരെയും പിടികൂടിയത്.
സംഘത്തിലുള്ള യുവതിയെ ഉപയോഗിച്ചാണ് കൗമാരക്കാരായ ഇരകളെ ഇവര്‍ വശീകരിച്ചിരുന്നത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നതായിരുന്നു രീതി. സ്വീറ്റി എന്നറിയപ്പെടുന്ന ശ്വേതയെ ഉപയോഗിച്ച് ഹണിട്രാപ്പ് തട്ടിപ്പുകളും നടത്തിയിരുന്നു.
അടുത്തിടെയുണ്ടായ മറ്റൊരു സംഭവത്തില്‍ എട്ട് ലക്ഷം രൂപയാണ് സുരേഷും സംഘവും മോചനദ്രവ്യം ആവശ്യപ്പെട്ടത്. മറ്റുചില സംഭവങ്ങളിലും ഇതുപോലെ ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. തട്ടിപ്പിലൂടെ ആദ്യമായി കിട്ടിയ പണം ഉപയോഗിച്ച് പ്രതി ഒരു പജേറോ കാര്‍ വാങ്ങിയിരുന്നു. പിന്നീട് ഈ വാഹനമാണ് മറ്റുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.
Content Highlights: Kidnapping gang inspired by money heist series arrested in hyderabad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..