Photo: twitter.com|iamkamyabuch
ബെംഗളൂരു: ദുരൂഹസാഹചര്യത്തില്‍ രണ്ടുമാസം മുമ്പ് വീട് വിട്ടിറങ്ങിയ 17 വയസ്സുകാരിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നു. ബെംഗളൂരു നിവാസിയായ അഭിഷേകിന്റെ മകള്‍ അനുഷ്ക(17)യെ കണ്ടെത്താനാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അതേസമയം, രണ്ടുമാസമായിട്ടും ഒരു വിവരവും ലഭിക്കാത്തതിനാല്‍ മകളെ കണ്ടെത്താന്‍ സാമൂഹികമാധ്യമങ്ങളിലൂടെ കുടുംബവും സഹായം തേടിയിട്ടുണ്ട്. അനുഷ്കയുടെ വിവിധ ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 31-നാണ് അനുഷ്ക വീട്ടില്‍നിന്ന് പോയതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പിന്നീട് അനുഷ്കയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വീട്ടില്‍നിന്ന് പോകുമ്പോള്‍ രണ്ട് ജോഡി വസ്ത്രങ്ങളും 2500 രൂപയും പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നു.
മകള്‍ വീട് വിട്ടിറങ്ങിയതിന് പിന്നില്‍ മറ്റുചിലരുടെ സ്വാധീനമുണ്ടെന്നാണ് പിതാവിന്റെ ആരോപണം. ഓണ്‍ലൈന്‍ വഴി മകള്‍ 'ഷാമനിസ'ത്തില്‍ ആകൃഷ്ടയായിരുന്നു. 12-ാംക്ലാസ് പാസായതിന് പിന്നാലെയാണ് മകൾ പ്രേതലോകവുമായും ആത്മാക്കളുമായുമെല്ലാം സംവേദിക്കുന്ന ഷാമനിസത്തെക്കുറിച്ച് ഓണ്‍ലൈനില്‍ വായിക്കാന്‍ തുടങ്ങിയത്. ഇത്തരംരീതികള്‍ പിന്തുടരുന്നവര് മകളെ സ്വാധീനിച്ചിട്ടുണ്ടെന്നും ഈ രീതി പിന്തുടരണമെന്ന് അവള് നേരത്തെ സംസാരിച്ചിരുന്നതായും പിതാവ് പറഞ്ഞു.
'വീട് വിട്ടിറങ്ങാനുള്ള അവളുടെ തീരുമാനത്തിന് പിന്നില്‍ ആരോ സ്വാധീനിച്ചിട്ടുണ്ട്. അവള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സ്വന്തമായി ഒരു തീരുമാനമെടുക്കാനുള്ള അവസ്ഥയിലുമല്ല. ഷാമനിസം പിന്തുടരണമെന്ന് അവള് നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത് വരെ സാധാരണ കൗമാരക്കാരെപ്പോലെയായിരുന്നു അവളുടെ പെരുമാറ്റവും. എന്നാല്‍ സെപ്റ്റംബര്‍ മുതലാണ് അവളില്‍ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. മറ്റുള്ളവരില്‍നിന്ന് അകന്നുനില്‍ക്കാനായിരുന്നു അവളുടെ ശ്രമം. ഏകാന്തതയെ ഇഷ്ടപ്പെട്ടു. ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതോടെ ഞാന്‍ അവളെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയിരുന്നു. എന്നാല്‍ അവള് ഞങ്ങളോട് പോലും സംസാരിക്കുന്നത് നിര്‍ത്തി. അവളിലേക്ക് കൂടുതല്‍ ഒതുങ്ങിപ്പോവുകയും വീട്ടിലെ എല്ലാകാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു'- അഭിഷേക് പറഞ്ഞു.
അതിനിടെ, അനുഷ്കയുടെ തിരോധാനം സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. പെണ്‍കുട്ടിയെ കാണാതായി രണ്ടുമാസം കഴിഞ്ഞിട്ടും അന്വേഷണത്തിലും പുരോഗതിയുണ്ടായില്ല. നിരവധി സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളാണ് പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. അനുഷ്കയുടെ വീട്ടില്‍നിന്ന് പോയ ഭാഗത്ത് സിസിടിവി ക്യാമറകളില്ലാതിരുന്നതും അന്വേഷണത്തില്‍ തിരിച്ചടിയായി.
'പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ സിസിടിവി ക്യാമറകളിലൂടെ പരിശോധിച്ചിരുന്നു. അടുത്തിടെ പെണ്‍കുട്ടി താത്പര്യം കാണിച്ച വിഷയങ്ങളില്‍ പരിശോധന നടന്നുവരികയാണ്. പെണ്‍കുട്ടിയുടെ ഓണ്‍ലൈന്‍ ഇടപെടലുകളും അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ പെണ്‍കുട്ടി ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബെംഗളൂരു നോര്‍ത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ വിനായക് പാട്ടീല്‍ പ്രതികരിച്ചു.
Content Highlights: a girl from bengaluru went missing two months ago her parents suspects shamanism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..