വർക്കല: പട്ടാപ്പകൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ ആക്രമിച്ച് ബാഗ് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരെ വർക്കല പോലീസ് പിടികൂടി. 17-ഉം 16-ഉം വയസ്സുള്ള വിദ്യാർഥികളാണ് പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ് ഇരുവരും കവർച്ച നടത്തിയത്. ശനിയാഴ്ച വൈകീട്ട് 3.30-ന് വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ ചക്രതീർഥക്കുളത്തിനു സമീപമായിരുന്നു സംഭവം. ഇംഗ്ലണ്ട് സ്വദേശിനി ഡോ. സോഫിയ ഡാനോസി(34)ന്റെ ബാഗാണ് ഇവർ തട്ടിയെടുത്തത്. പാപനാശത്ത് കടലിൽ കുളിച്ചശേഷം കൂട്ടുകാരി റെനറ്റ ഹോർവാറ്റിനൊപ്പം ജനാർദനപുരം ഭാഗത്തേക്കു കാൽനടയായി പോകുമ്പോഴാണ് സോഫിയ ഡാനോസിന്റെ ബാഗ് തട്ടിയെടുത്തത്.
പിടിവലിക്കിടെ സോഫിയയുടെ തോളിന്റെ ഭാഗത്ത് പരിക്കേൽക്കുകയും ചെയ്തു. മൊബൈൽഫോൺ, പണം, ക്രെഡിറ്റ് കാർഡുകൾ, മറ്റ് രേഖകൾ എന്നിവയടങ്ങിയ ബാഗാണ് നഷ്ടമായത്. ജനാർദനപുരം മുതൽ വർക്കല വരെയുള്ള ഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ സ്കൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. നമ്പർ മനസ്സിലാക്കി നടത്തിയ അന്വേഷണത്തിൽ സ്കൂട്ടർ അന്ന് പാളയംകുന്ന് അക്ഷയ സെന്ററിനു മുന്നിൽനിന്നു മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. അക്ഷയ സെന്ററിനു സമീപത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചപ്പോഴാണ് വിദ്യാർഥികളാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. മോഷണം നടത്തിയശേഷം ഇരുവരും സ്കൂട്ടറിൽ വയനാട്ടിലേക്കാണു കടന്നത്.
പോകുന്നവഴിയിൽ മറ്റ് ഫോണുകളിൽനിന്നു ഇവർ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. വയനാട്ടിൽനിന്നു ഇവർ നാട്ടിലേക്കു തിരിച്ചതായി വീട്ടുകാരിൽനിന്നു പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നീണ്ടകര പാലത്തിൽ കാത്തുനിന്ന പോലീസ് തിങ്കളാഴ്ച രാവിലെ ഇരുവരെയും പിടികൂടുകയായിരുന്നു. മൊബൈൽ ഫോണും രേഖകളുമടക്കം ബാഗ് ഇവരിൽനിന്നു കണ്ടെത്തി.
ആറ്റിങ്ങൽ ഡിവൈ.എസ്.പി. പി.വി.ബേബിയുടെ നിർദേശാനുസരണം വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ശ്യാം, പ്രൊബേഷണറി എസ്.ഐ. പ്രവീൺ, എ.എസ്.ഐ.മാരായ ജയപ്രസാദ്, ഷൈൻ, സി.പി.ഒ. മാരായ അജീസ്, കിരൺ, അൻസർ എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇരുവരെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി.
വർക്കല പോലീസിനു വിദേശ വനിതയുടെ അഭിനന്ദനം
വിനോദ സഞ്ചാരിയായി എത്തിയ തന്നെ ആക്രമിച്ച് വിലപ്പെട്ട മൊബൈലും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ചവരെ 48 മണിക്കൂറിനുള്ളിൽ പിടികൂടിയ വർക്കല പോലീസിനു വിദേശ വനിത ഡോ. സോഫിയ ഡാനോസിന്റെ അഭിനന്ദനം. വിലപ്പെട്ട ഡേറ്റയടങ്ങിയ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് ഡോക്ടറായ സോഫിയയെ ഏറെ നിരാശയാക്കിയിരുന്നു.
സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങളും വാഹനത്തിന്റെ നമ്പരുകളും കേന്ദ്രീകരിച്ച് പോലീസ് ഊർജിതമായി നടത്തിയ അന്വേഷണത്തിനു പലസമയത്തും സോഫിയയും സാക്ഷിയായിരുന്നു. പോലീസിന്റെ ആത്മാർഥത നേരിട്ട് മനസ്സിലാക്കിയ അവർക്ക് മൊബൈൽ ഫോണടക്കം നഷ്ടപ്പെട്ട രേഖകളെല്ലാം തിരികെക്കിട്ടുകയും ചെയ്തു. പോലീസുദ്യോഗസ്ഥർക്ക് കേക്ക് വാങ്ങിനൽകി സന്തോഷം പങ്കിട്ടാണ് അവർ മടങ്ങിയത്.
Content Highlights: A foreign woman was attacked and the bag was stolen in Varkala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..