പ്രതീകാത്മക ചിത്രം | ANI
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകല്‍ വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി. ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന 87-കാരിയാണ് ബലാത്സംഗത്തിനിരയായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
മകളോടൊപ്പമാണ് വയോധിക തിലക് നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഉച്ചയ്ക്ക് മകള്‍ പുറത്തുപോയ സമയത്താണ് ക്രൂരത നടന്നത്. അജ്ഞാതനായ ഒരാള്‍ ഉച്ചയ്ക്ക് 12.30-ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് വയോധികയുടെ കുടുംബം പറയുന്നത്. 1.30-ഓടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞതായും ഇവര്‍ പറയുന്നു.
പുറത്തുപോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചോരയൊലിച്ച് കിടക്കുന്നനിലയിലാണ് 87-കാരിയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്.
അതേസമയം, വീട്ടില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞാണ് മകള്‍ ആദ്യം പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകള്‍ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്.ഐ.ആറില്‍ കൂട്ടിച്ചേര്‍ത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ബലാത്സംഗത്തിനിരയായ വയോധികയ്ക്ക് കൗണ്‍സിലിങ് അടക്കം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പോലീസ് അറിയിച്ചു.
Content Highlights: 87 year old woman raped in delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..