-
വടകര: കൂടത്തായി കൊലപാതക പരമ്പരയിലെ ആറാമത്തെ കേസായ പൊന്നാമറ്റം അന്നമ്മ തോമസ് വധക്കേസിലും കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് തിങ്കളാഴ്ച രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. മറ്റ് കേസില്‍ നിന്നും വ്യത്യസ്തമായി ജോളി മാത്രമാണ് ഈ കേസില്‍ പ്രതി. 1061 പേജുള്ളതാണ് കുറ്റപത്രം. 79 രേഖകളുമുണ്ട്.
കേരളം ഞെട്ടിയ കൊലപാതക പരമ്പരയില്‍ ജോളി കൊലപാതം ആരംഭിച്ചത് അന്നമ്മയെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു. ആട്ടിന്‍ സൂപ്പില്‍ നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതാവാണ് 2002 ആഗസ്റ്റ് 22-ന് കൊല്ലപ്പെട്ട അന്നമ്മ തോമസ്. വിഷത്തിന്റെ മണം അറിയാതിരിക്കാന്‍ തലേദിവസം തന്നെ സൂപ്പില്‍ ഇത് കലക്കിവെച്ച് സ്ഥിരമായി ആട്ടിന്‍ സൂപ്പ് കഴിക്കുന്ന ശീലമുണ്ടായിരുന്ന അന്നമ്മയ്ക്ക് നല്‍കുകയായിരുന്നുവെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.
റോയിയുമായുള്ള വിവാഹ സമയത്ത് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളം പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രം പറയുന്നു. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ജോളി ബിരുദാനന്തര ബിരുദ ധാരിയാണെന്നായിരുന്നു എല്ലാവരേയു വിശ്വസിപ്പിച്ചിരുന്നത്. കല്ല്യാണത്തിന് ശേഷം അന്നമ്മ ജോളിയോട് ജോലിക്ക് പോകാന്‍ നിരന്തരം ആവശ്യപ്പെടുമായിരുന്നു. ഇത് ശല്യമായി തോന്നിയതോടെയാണ് അന്നമ്മയെ കൊല്ലാന്‍ തീരുമാനിച്ചത്. ഇതിനുപുറമെ, അന്നമ്മ മരിച്ചാല്‍ മാത്രമേ വീടിന്റെ നിയന്ത്രണം തനിക്ക് ലഭിക്കൂ എന്ന കണക്കുകൂട്ടലും കൊല്ലാനുള്ള കാരണമായി.
വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവ്. മറ്റ് അഞ്ച് കേസുകളിലും രണ്ട് പ്രതികള്‍ കൂടി ജോളിക്കൊപ്പമുണ്ടായിരുന്നങ്കില്‍ അന്നമ്മ തോമസ് കൊലക്കേസില്‍ ജോളി മാത്രമാണ് പ്രതി.
പേരാമ്പ്ര സി ഐ, കെ കെ ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്നമ്മകേസിലും കുറ്റപത്രം സമര്‍പ്പിച്ചതോടെ കൊലപാതക പരമ്പരയിലെ ആറെണ്ണത്തിലും 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനായി.
Content Highlights: 6th charge sheet in koodathai annamma murder case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..