അറസ്റ്റിലായ വിക്രമൻ | Screengrab: Mathrubhumi News
തിരുവനന്തപുരം: മുരുക്കുംപുഴയില്‍ ആറും ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 65-കാരന്‍ അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശി വിക്രമനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുത്തശ്ശിയോടൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന സഹോദരിമാരാണ് പീഡനത്തിനിരയായത്.
വീട്ടില്‍ സഹായത്തിനായി വന്നിരുന്ന വിക്രമന്‍, മുത്തശ്ശി പുറത്തുപോകുന്ന സമയത്താണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത്. നാല് മാസത്തോളമായി പീഡനം തുടര്‍ന്നുവരികയായിരുന്നു. ഭയം കാരണം പെണ്‍കുട്ടികള്‍ വിവരം ആരോടും പറഞ്ഞിരുന്നില്ല.
അടുത്തിടെ കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അയല്‍ക്കാരാണ് വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങ്ങില്‍ കുട്ടികള്‍ പീഡനം വെളിപ്പെടുത്തുകയായിരുന്നു. ഇതനുസരിച്ച് ചൈല്‍ഡ് ലൈന്‍ മുരുക്കുംപുഴ പോലീസില്‍ പരാതി നല്‍കുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം തിരുവനന്തപുരം വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 75-കാരനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറും മുമ്പേയാണ് മുരുക്കുംപുഴയില്‍നിന്ന് സമാനമായ മറ്റൊരു കേസും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Content Highlights: 65 year old man arrested in thiruvananthapuram for raping minor girls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..