-
മൂവാറ്റുപുഴ: ആറുവയസുള്ള പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അച്ഛനും അച്ഛന്റെ സഹോദരിയുടെ രണ്ട് മക്കളും മൂവാറ്റുപുഴ പോലീസിൽ കീഴടങ്ങി. മൂന്നുപേർക്കുമെതിരേ പോലീസ് കേസെടുത്തിരുന്നു.
ഡിസംബർ 15-നാണ് പീഡനവിവരം പെൺകുട്ടിയുടെ അമ്മ അറിയുന്നത്. തുടർന്ന് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. കുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയയാക്കിയിരുന്നു. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവുണ്ടായിരുന്നത് ഡോക്ടർ അറിയിച്ചിരുന്നു.
പോലീസിന്റെ തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിൽ പ്രതികൾ പോലീസിന് മുന്നിലെത്തുകയായിരുന്നു. ‘പോക്സോ’ നിയമപ്രകാരം കേസെടുത്തതിനെ തുടർന്ന് മജിസ്‌ട്രേറ്റ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പോലീസിൽ പരാതിയും നല്കിയിരുന്നു.
പോലീസ് അന്വേഷണം നടന്നുവരവെയാണ് വ്യാഴാഴ്ച ഉച്ചയോടെ മൂവരും വക്കീൽ മുഖേന സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്. കുട്ടിയെ ഉപദ്രവിച്ചിരുന്നതായും നഗ്നചിത്രങ്ങൾ കാണിച്ചിരുന്നതായും ചോദ്യംചെയ്യലിൽ അച്ഛൻ സമ്മതിച്ചതായാണ് വിവരം. എന്നാൽ, അച്ഛൻ ഉപദ്രവിക്കുകയാണെന്ന്, അച്ഛനോട് നല്ല അടുപ്പം പുലർത്തിയിരുന്ന കുട്ടിക്ക് മനസ്സിലായിരുന്നില്ല. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻ നാട്ടിൽ വരുമ്പോഴാണ് കുട്ടിയെ ചൂഷണം ചെയ്തിരുന്നത്.
മദ്യപാനിയായിരുന്ന ഇയാൾ മദ്യലഹരിയിലായിരിക്കാം ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്നാണ് ആദ്യം പോലീസ് സംശയിച്ചത്. കുഞ്ഞിനെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നു എന്ന് അമ്മ മനസ്സിലാക്കിയ ശേഷം ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടായതായും പോലീസ് പറയുന്നു.
വീട്ടിൽ പലപ്പോഴും താമസിക്കാറുണ്ടായിരുന്ന സഹോദരിയുടെ രണ്ട് മക്കളും കുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് പോലീസ് നല്കുന്ന വിവരം.
ദുരൂഹമായ മറ്റു ചില സംഭവങ്ങളും ഈ വീട്ടിൽ ആറുമാസം മുൻപുണ്ടായിട്ടുണ്ടെന്നും പോലീസ് പറയുന്നു. അതിനും പോലീസ് അന്വേഷണം നടത്തിയതാണ്. എസ്.ഐ. സൂഫിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം.
Content Highlights: 6 year old girl raped by father and relatives
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..