പ്രതീകാത്മക ചിത്രം | Getty Images
ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബദ്വാന്‍ ജില്ലയിലെ അങ്കണവാടി ജീവനക്കാരിയായ 50 വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തീയതി ഞായറാഴ്ചയായിരുന്നു സംഭവം.
വൈകിട്ട് ക്ഷേത്രത്തിലേക്ക് പോയ സ്ത്രീയുടെ മൃതദേഹം ക്ഷേത്രത്തിലെ പുരോഹിതനും മറ്റുരണ്ടുപേരും ചേര്‍ന്നാണ് വീട്ടിലെത്തിച്ചത്. കിണറ്റിൽ വീണു മരിച്ചുവെന്നാണ് പുരോഹിതനും കൂടെയുള്ളവരും വീട്ടകാരോട് പറഞ്ഞത്. മൃതദേഹം വീടിന്റെ വാതിലിന് മുന്നില്‍ കിടത്തിയ ശേഷം ഇവർ വേഗം സ്ഥലം വിടുകയായിരുന്നു. ഇതോടെയാണ് കുടുംബത്തിന് ഇവരുടെമേൽ സംശയം ബലപ്പെട്ടത്. തുടര്‍ന്ന് തിങ്കളാഴ്ച പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസെടുത്തതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ത്രീ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റതായും കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി. സംഭവം വിവാദമായതോടെ എസ്.എസ്.പി. അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കേസില്‍ ഇടപെട്ടു.
"ക്ഷേത്രത്തിലെ പുരോഹിതനും അനുയായികളായ രണ്ടുപേരും ചേര്‍ന്ന് കൃത്യം നടത്തിയെന്നാണ് സ്ത്രീയുടെ മകന്റെ ആരോപണം. 'ഞായറാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ പോയ അമ്മ മണിക്കൂറുകള്‍ പിന്നിട്ടിട്ടും വീട്ടില്‍ തിരികെ എത്തിയിരുന്നില്ല. രാത്രി 11.30-ഓടെയാണ് പുരോഹിതനും മറ്റുള്ളവരും ചേര്‍ന്ന് അമ്മയെ വീട്ടിലെത്തിച്ചത്. അമ്മയുടെ മൃതദേഹം വീടിന്റെ വാതിലിന് മുന്നില്‍ കിടത്തിയ ശേഷം ഇവര്‍ വേഗത്തില്‍ തിരികെപോവുകയും ചെയ്തു. പിന്നീട് പൂജാരിയോട് കാര്യം തിരക്കിയപ്പോള്‍ കിണറ്റില്‍ വീണ് മരിച്ചതാണെന്നാണ് മറുപടി കിട്ടിയത്'", മകന്‍ പറഞ്ഞു.
സംഭവത്തില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസില്‍ അലംഭാവം കാണിച്ച സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതായും ബദ്വാന്‍ ജില്ലാ പോലീസ് മേധാവി അറിയിച്ചു. അതേസമയം, താന്‍ നിരപരാധിയാണെന്ന് വിശദീകരിച്ചുള്ള പുരോഹിതന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്ക് വന്ന സ്ത്രീ കിണറ്റില്‍ വീണതാണെന്നും താനടക്കമുള്ളവര്‍ അവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് വീഡിയോയില്‍ പറയുന്നത്. സ്ത്രീയെ വീട്ടില്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നതായും പുരോഹിതന്‍ വിശദീകരിക്കുന്നുണ്ട്.
Content Highlights: 50 year old woman gang raped and killed in uttar pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..