ഗാന്ധിസ്ക്വയർ ജങ്ഷനു സമീപം തീപിടിത്തമുണ്ടായ കെട്ടിടത്തിനു മുന്നിൽ വാനും ഫർണിച്ചറുകളും കത്തിനശിച്ച നിലയിൽ| പ്രസന്നൻ
പൂണിത്തുറ: ഗാന്ധിസ്ക്വയര്‍ ജങ്ഷനു സമീപം ഒട്ടേറെ വീടുകളുള്ള ഭാഗത്ത് ഒരു സ്ഥാപനത്തിന്റെ മുറ്റത്ത് ഒരാള്‍ തീപ്പൊള്ളലേറ്റ് മരിച്ചതും അഗ്നിബാധയും പരിഭ്രാന്തി പരത്തി. ഇവിടെ പഴയ ഫര്‍ണിച്ചര്‍ സാധനങ്ങളുടെ സ്ഥാപനവും വീടും കൂടിയുള്ള കെട്ടിടത്തിലാണ് ചൊവ്വാഴ്ച അതിരാവിലെ അഗ്നിബാധ ഉണ്ടായത്. പ്രധാന റോഡരികിലാണ് ഇത്. ചുറ്റും വീടുകളാണ്. ഒരാള്‍ നിന്നു കത്തുന്നതും അലറിക്കരയുന്നതും കണ്ട് ആളുകള്‍ ഭയന്നു. സമീപവാസികള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചതാരെന്നോ, എന്താണ് സംഭവിച്ചതെന്നോ ആദ്യം ആര്‍ക്കും പിടികിട്ടിയില്ല. തീ പെട്ടെന്ന് മുകളിലേക്ക് ആളിപ്പടര്‍ന്നു.
മന്‍സിലില്‍ സുനീറും കുടുംബവുമാണ് ഇരു നിലയുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കുന്നത്. വീട്ടില്‍ കുടുങ്ങിപ്പോയ സുനീറിന്റെ കുടുംബത്തിനെ തൃപ്പൂണിത്തുറയിലെ അഗ്നിരക്ഷാ നിലയത്തില്‍നിന്ന് സേനാംഗങ്ങള്‍ എത്തി ലാഡര്‍ െവച്ചു മുകളില്‍ കയറി രക്ഷപ്പെടുത്തി. തീയിലും പുകയിലും ശ്വാസംമുട്ടിയ ഇവര്‍ ബാത്ത് റൂമില്‍ വാതിലടച്ചു നില്‍ക്കുകയായിരുന്നെന്ന് സ്റ്റേഷന് ഓഫീസര്‍ കെ. ഷാജി പറഞ്ഞു. ബാത്ത് റൂമിന്റെ ജനല്‍ കമ്പികള്‍ മുറിച്ചുമാറ്റി അകത്തു കടന്നാണ് ഇവരെ രക്ഷിച്ചത്. കെട്ടിടത്തിന്റെ മുന്‍ഭാഗത്തായിരുന്നു തീ.
ഇവിടെ കിടന്നിരുന്ന അലമാരകള്‍, മറ്റ് ഫര്‍ണിച്ചറുകള്‍, വാന്‍ തുടങ്ങിയവ കത്തിനശിച്ചു. മുറിയുടെ മുന്‍വാതില്‍ പൊളിച്ച് അകത്തുകടന്ന സേനാംഗങ്ങള്‍ മുറിയിലെ തീയും കെടുത്തി. എറണാകുളം ഗാന്ധിനഗറില്‍നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തിയിരുന്നു. മരട് പോലീസും സ്ഥലത്തെത്തി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ആദ്യം ആളുകള്‍ കരുതിയിരുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് ലോട്ടറിക്കച്ചവടക്കാരനായ പ്രസന്നന് ഇവിടെയെത്തി ദേഹത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന വിവരം പോലീസ് പറയുന്നത്.
ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ വന്‍ നാശം
പേട്ടയില്‍ ലോട്ടറിക്കച്ചവടം നടത്തുന്നയാളും മരട് തുരുത്തി ക്ഷേത്രത്തിനടുത്ത് താമസക്കാരനുമായ പൊന്നുരുന്നി തൊട്ടിയില്‍ പ്രസന്നന് (45) തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു. സ്ഥാപനത്തിലുണ്ടായിരുന്ന ഒട്ടേറെ ഫര്‍ണിച്ചറുകളും ഒരു വാനും കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ 5.30-നായിരുന്നു സംഭവം.
സുനീര്‍ എന്നയാള്‍ കെട്ടിടം വാടകയ്ക്കെടുത്ത് രണ്ടു വര്‍ഷത്തോളമായി നടത്തുന്നതാണ് പഴയ ഫര്‍ണിച്ചര്‍, കാര്‍ വാഷിങ് സ്ഥാപനം. തീ പടര്‍ന്ന് കെട്ടിടത്തിനും നാശമുണ്ടായി. മുകള്‍ നിലയില്‍ സുനീറും കുടുംബവും താമസിക്കുകയാണ്. സുനീര്‍ പുലര്‍ച്ചെ പുറത്തുപോയ സമയത്താണ് സംഭവം. ഭാര്യയും രണ്ടു മക്കളും തീയും പുകയും മൂലം രക്ഷപ്പെടാനാവാതെ കുടുങ്ങി. വിവരമറിഞ്ഞ് സുനീറും വേഗം തിരിച്ചെത്തി.
പ്രസന്നന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.പ്രസന്നനും സുനീറും തമ്മില്‍ പണമിടപാടുകളും ചില തര്‍ക്കങ്ങളും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രസന്നന് ക്യാനില്‍ പെട്രോള്‍ വാങ്ങി പോകുന്നത് കണ്ടവരുണ്ടെന്ന് കേസന്വേഷിക്കുന്ന മരട് സി.ഐ. ജോസഫ് സാജന് പറഞ്ഞു. പ്രസന്നന് പലര്‍ക്കും പണം പലിശയ്ക്ക് കൊടുക്കാറുള്ളതായും പറയുന്നു. ഇയാളുടെ ഭാര്യയും ഒരു മകനും വര്‍ഷങ്ങള്‍ക്കു മുമ്പ് തീവണ്ടി ഇടിച്ച് മരിച്ചിരുന്നു. ഒരു മകള്‍ ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്.
പ്രസന്നന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. സി.ഐ. ജോസഫ് സാജന്റെ നേതൃത്വത്തിലാണ് അന്വേഷണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..