കാറിൽനിന്ന് കണ്ടെടുത്ത കഞ്ചാവ് തൊടുപുഴ എസ്.ഐ. ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു. |ചിത്രം പകർത്തിയത്-അജേഷ് ഇടവെട്ടി
തൊടുപുഴ: വാടകയ്ക്ക് കൊടുത്തശേഷം കാണാതെപോയ കാര്‍ പിന്തുടര്‍ന്ന തൊടുപുഴ പോലീസിന് അതില്‍നിന്നു കിട്ടിയത് 43 കിലോ കഞ്ചാവ്. വാഹനമുപേക്ഷിച്ച് കടന്ന പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വാഹനം വാടകയ്ക്കെടുത്തശേഷം ഉടമ അറിയാതെ മറ്റൊരാള്‍ക്ക് വലിയ തുകയ്ക്ക് പണയം കൊടുക്കുന്ന സംഘമാണ് കഞ്ചാവ് കടത്തലിന് പിന്നിലെന്നാണ് വിവരം. നഗരസഭയുടെ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപം തിങ്കളാഴ്ച രാത്രി 11.45-നായിരുന്നു സംഭവം. മറ്റൊരിടത്തുവെച്ച് അപ്രതീക്ഷിതമായി വാഹനംകണ്ട യഥാര്‍ഥ ഉടമ കാര്‍ പിന്തുടര്ന്നെത്തി തൊടുപുഴ പോലീസിന് വിവരം കൈമാറി. പിന്തുടര്‍ന്ന പോലീസിനെകണ്ട് തൊടുപുഴ സ്വദേശി വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എറണാകുളം എളമക്കര സ്റ്റേഷനില്‍ ഈ കാര്‍ കാണാതെപോയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് നിലവിലുണ്ട്. വാടകയ്ക്കെടുത്തവര്‍ കാര്‍ മറ്റൊരാള്‍ക്ക് പണയത്തിന് നല്‍കുകയായിരുന്നു.
കാര്‍ തൊടുപുഴ മേഖലയിലുണ്ടെന്ന് അറിഞ്ഞ് ഉടമ ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടത്. തൊടുപുഴ സ്വദേശിയായ സല്മാന് എന്നയാളാണ് കാര്‍ വാടകയ്ക്ക് ആദ്യം എടുത്തത്. പിന്നീട് മറ്റൊരു സംഘത്തിന് പണയത്തിന് കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്നും ഉടന്‍ പിടിയിലാകുമെന്നും തൊടുപുഴ എസ്.എച്ച്.ഒ. വി.സി.വിഷ്ണുകുമാര്‍ പറഞ്ഞു. എസ്.ഐ.മാരായ ബൈജു പി.ബാബു, ഷാഹുല്‍ ഹമീദ്, ഗ്രേഡ് എസ്.ഐ. ജോസഫ്, ഗ്രേഡ് എ.എസ്.ഐ.മാരായ ഗിരീഷ്, ഷംസ്, ഷംസുദ്ദീന്, സി.പി.ഒ.മാരായ സനൂപ്, റിയാദ്, അയ്യപ്പദാസ്, സുനില്‍കുമാര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..