സിദ്ധാർത്ഥ്
തിരുവനന്തപുരം: കാറുകളിൽ കടത്തിയ 203 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കഞ്ചാവുകടത്തിന്റെ സൂത്രധാരൻ എക്സൈസ് പിടിയിലായി. കുടപ്പനക്കുന്ന് അഞ്ചുമുക്ക് പ്രാർത്ഥനയിൽ സിദ്ധാർത്ഥാ(22)ണ് അറസ്റ്റിലായത്. ബെംഗളൂരു കേന്ദ്രീകരിച്ച് സംസ്ഥാനത്തേക്ക് ലഹരി കടത്തിയിരുന്ന സംഘത്തെ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്ന് എക്സൈസ് കണ്ടെത്തി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ സിദ്ധാർത്ഥിന്റെ നിർദേശപ്രകാരം രണ്ട് ഇന്നോവ കാറുകളിൽ കഞ്ചാവുമായി വരവേയാണ് 22-ന് ബാലരാമപുരത്തുവച്ച് എക്സൈസ് പിന്തുടർന്ന് പിടികൂടിയത്.
തലസ്ഥാനത്തെ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള കുടുംബങ്ങളിലെ യുവാക്കളാണ് കഞ്ചാവുകടത്തിനു പിന്നിലുള്ളതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്നയാൾക്കും കഞ്ചാവുകടത്തിൽ പങ്കുണ്ട്. ഒരു കാറിലെ കഞ്ചാവിന് പണം മുടക്കിയത് ഇയാളാണ്. ജയിലിൽനിന്നാണ് ബിസിനസ് നിയന്ത്രിച്ചിരുന്നത്. ഇയാൾ കഞ്ചാവുകടത്തുകാരെ ഫോണിൽ ബന്ധപ്പെട്ടതായും എക്സൈസിനു വിവരം ലഭിച്ചു.
നിരവധി ക്രമിനൽ കേസുകളിലെ പ്രതികൾ കഞ്ചാവുകടത്തിനു പിന്നിലുണ്ട്. കണ്ണാടി ഷാജി വധക്കേസിലെ പ്രതിയായ അലൻ പൊന്നു, ഇടവക്കോട് കൊലക്കേസിലെ പ്രതി പാറ അഭിലാഷ് എന്നിവർ ചേർന്നാണ് ആന്ധ്രയിൽനിന്നു കഞ്ചാവ് വാങ്ങിയത്. തലസ്ഥാനത്തെ ഒരു റിട്ട. എസ്.പിയു.ടെ മകൻ നിഖിലിന്റെ ബെംഗളൂരുവിലെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചത്. ഉള്ളൂർ നീരാഴി ലെയ്ൻ സ്വദേശി രാജ്കുമാറും നിഖിലും ചേർന്നാണ് കഞ്ചാവ് കാറുകളിൽ കയറ്റിയയച്ചത്. എക്സൈസ് സംഘം കാർ വളഞ്ഞ് പിടികൂടാൻ ശ്രമിക്കവേ ഓടി രക്ഷപ്പെട്ട മോൻസി, പഞ്ചായത്തുനട ഉണ്ണി എന്നിവർക്കുവേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്ന് അസി. എക്സൈസ് കമ്മിഷണർ ഹരികൃഷ്ണപിള്ള പറഞ്ഞു. സർക്കിൾഇൻസ്പെക്ടർമാരായ
ടി.അനികുമാർ, ജി.കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ ടി.ആർ.മുകേഷ്, ആർ.ജി.രാജേഷ്, കെ.വി.വിനോദ്കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ മധുസൂദനൻനായർ എന്നിവർ ചേർന്നാണ് സിദ്ധാർത്ഥിനെ പിടികൂടിയത്.
Content Highlights:203 kg ganja seized in trivandrum main accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..