പൊയിനാച്ചി: സംസ്ഥാനസർക്കാരിന്റെ സാമൂഹികക്ഷേമപെൻഷൻ വിതരണംചെയ്യാൻ സ്കൂട്ടറിൽ പോകുകയായിരുന്ന സഹ.ബാങ്ക് ജീവനക്കാരിയെ ആക്രമിച്ച് ബൈക്കിലെത്തിയ യുവാക്കൾ 2.79 ലക്ഷം രൂപ തട്ടിപ്പറിച്ചതായി പരാതി. പരവനടുക്കത്തെ ചെമ്മനാട് സർവീസ് സഹ.ബാങ്ക് പിഗ്മി കളക്‌ഷൻ ഏജന്റ് ചെമ്മനാട് കോണത്തുമൂലയിലെ എസ്.സൗമ്യ(32)യിൽ നിന്നാണ് പണം അപഹരിച്ചത്.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ അഞ്ചങ്ങാടി-ചെമ്മനാട് റോഡിൽ പാലിച്ചിയടുക്കം കാലിച്ചാമരത്തിൽവെച്ചാണ് സംഭവം. ക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുന്നതിന് സൗമ്യയെ ചുമതലപ്പെടുത്തിയിരുന്നു. പെൻഷൻ തുകയായ 2.47 ലക്ഷം രൂപയും ബുധനാഴ്ചത്തെ പിഗ്മി കളക്‌ഷൻ തുകയുമാണ് ബാഗിലുണ്ടായിരുന്നത്. കാലിച്ചാമരത്തെത്തിയപ്പോൾ ബൈക്ക് സ്കൂട്ടറിന്റെ പിറകിൽ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
നിലത്തുവീണ സൗമ്യയുടെ ബാഗ് ഞൊടിയിടയിൽ തട്ടിപ്പറിച്ചു. പിന്നീട് പണം മാത്രം എടുത്ത് സിംപ്യൂട്ടർ മെഷീൻ അടക്കം ബാഗ് അവിടെത്തന്നെ ഉപേക്ഷിച്ചു. അല്പനേരം കഴിഞ്ഞ് അതുവഴി വന്ന സമീപവാസിയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. കൈക്ക് പരിക്കേറ്റ സൗമ്യ കാസർകോട് ജനറൽ ആസ്പത്രിയിൽ ചികിത്സതേടി. ബൈക്കിൽ വന്നവർ ഹെൽമെറ്റിനുള്ളിൽ മുഖത്ത് മാസ്കും ധരിച്ചിരുന്നതായാണ് സൗമ്യയുടെ മൊഴി.
ഗ്ലൗസ് ധരിച്ച് പിറകിലിരുന്നയാളാണ് ബാഗ് തട്ടിപ്പറിച്ചത്. ബൈക്ക് ഓടിച്ചയാൾ സ്റ്റീൽമോതിരം ധരിച്ചിരുന്നു. സൗമ്യ ബൈക്കിന്റെ നമ്പർ പറഞ്ഞെങ്കിലും അത് തെറ്റാണെന്നാണ് സൂചന. മേൽപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി. സംഭവസ്ഥലം ആൾപ്പാർപ്പ് കുറഞ്ഞ സ്ഥലമാണെന്നും പ്രദേശത്തെ സി.സി.ടി.വി. സാധ്യത പരിശോധിക്കുകയാണെന്നും എസ്.ഐ. പി.പ്രമോദ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് ജയിംസ് ജോസഫ്, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി. എം.അസൈനാർ എന്നിവർ സംഭവസ്ഥലം വ്യാഴാഴ്ച വൈകീട്ട് സന്ദർശിച്ചു.
Content Highlights: 2.47 rupees of state social welfare pension robbed by making accident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..