കഞ്ചാവും ഹാഷിഷുമായി പിടികൂടി അലി, ഹമീദ്, ജംഷാദ്, ഷറഫുദ്ദീൻ എന്നിവർ
നിലമ്പൂര്‍: നിലമ്പൂരിനടുത്ത് കൂറ്റമ്പാറയില്‍ എക്‌സൈസ് സംഘം വന്‍ ലഹരിമരുന്നുശേഖരം പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 183 കിലോഗ്രാം കഞ്ചാവും ഒരുകിലോയോളം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. നാലുപേര്‍ അറസ്റ്റിലായി. പ്രധാന പ്രതിയടക്കം മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ചെറു പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കി ചാക്കില്‍കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാറിലാണ് ഒരുലിറ്ററോളം ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്.
കഞ്ചാവ് സൂക്ഷിച്ച താഴെ കൂറ്റമ്പാറ സ്വദേശികളായ വടക്കുമ്പാടം വീട്ടില്‍ അബ്ദുല്‍ഹമീദ് (24), കല്ലിടുമ്പില്‍ ജംഷാദ് (കുഞ്ഞിപ്പ-36), മേലെ കൂറ്റമ്പാറ നെല്ലിക്കുന്ന് ഓടക്കല്‍ അലി (34), എടക്കര ഇല്ലിക്കാട് കളത്തില്‍ ഷറഫുദ്ദീന്‍ (40) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അമരമ്പലം നരിപൊയില്‍ പൊടിയാട്ട് വിഷ്ണു (25), താഴെ കൂറ്റമ്പാറ ചേനേംപാടം കല്ലായി സല്‍മാന്‍ (34), പോത്തുകല്ല് പാതാര്‍ സ്വദേശിയും ഒട്ടേറെ നര്‍ക്കോട്ടിക് കേസുകളില്‍ പ്രതിയുമായ മഠത്തില്‍ റഫീക് (പുള്ളിമാന്‍-30) എന്നിവരാണ് എക്‌സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ടത്.
ഇവര്‍ക്കുവേണ്ടിയും ആന്ധ്രയില്‍നിന്ന് വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് പ്രതികള്‍ക്കു കഞ്ചാവെത്തിച്ച തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്കുവേണ്ടിയും അന്വേഷണം ഊര്‍ജിതമാക്കി. ആന്ധ്രാപ്രദേശില്‍നിന്ന് കഞ്ചാവെത്തിക്കുന്ന കാളികാവ് ചാഴിയോട് സ്വദേശിയായ പ്രധാനിയെക്കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇന്‍സ്പെക്ടര്‍ കെ.വി. നിധിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തിന്റെയും ഇന്റലിജന്‍സ് വിഭാഗം ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷെഫീഖ്, എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡ് അംഗം നിലമ്പൂര്‍ എക്‌സൈസ് റെയ്ഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍ എന്നിവരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ എം. ഹരികൃഷ്ണന്‍, പി.വി. സുമേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.ടി. ജയാനന്ദന്‍, ഇ. പ്രവീണ്‍, പി.സി. ജയന്‍, ഇ. അഖില്‍ദാസ്, സി.കെ. സബിന്‍ദാസ്, എബിന്‍ സണ്ണി, പി. രാകേഷ് ചന്ദ്രന്‍, സി.ടി. ഷംനാസ്, എക്‌സൈസ് ഡ്രൈവര്‍ കെ. പ്രദീപ്കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
വരവ് ആന്ധ്രയില്‍നിന്ന്
ആന്ധ്രയില്‍നിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതെന്ന് പ്രതികള്‍ മൊഴിനല്‍കി. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയില്‍ ഒരുകോടി രൂപവരെ വില ലഭിക്കും.
എന്നാല്‍, 10 മില്ലിലിറ്ററിന് 3000 രൂപ പ്രകാരമാണ് ഇവിടെ വില്‍ക്കുന്നതെന്ന് പ്രതികള്‍ മൊഴിനല്‍കി. ലിറ്ററിന് 75,000 രൂപ പ്രകാരമാണ് ഹാഷിഷ് ഓയില്‍ ആന്ധ്രയില്‍നിന്ന് ഇവര്‍ക്കു ലഭിക്കുന്നത്. ചില്ലറവില്‍പ്പനയിലൂടെ ഒരുലിറ്ററിനു മൂന്നുലക്ഷം രൂപവരെ ലഭിക്കും. കഞ്ചാവിന് 10 ഗ്രാം പായ്ക്കറ്റിന് 500 രൂപയ്ക്കാണ് ചില്ലറവില്‍പ്പന. പിടിക്കപ്പെട്ട പ്രതികള്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് സൂചന. ലഹരിവസ്തുക്കള്‍ കടത്താനുപയോഗിച്ച ഒരു മോട്ടോര്‍ബൈക്കും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനം ഉപേക്ഷിച്ചനിലയില്‍
കഞ്ചാവ് കടത്താനുപയോഗിച്ചതെന്നു കരുതുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള മിനി പിക്കപ്പ് വഴിക്കടവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കഞ്ചാവ് കേരളത്തിലേക്കെത്തിച്ചത് പാലക്കാട് വാളയാര്‍ ചെക്പോസ്റ്റ് വഴിയാണെന്നാണ് അധികൃതര്‍ക്കു ലഭിച്ച വിവരം.
എന്നാല്‍ ലോഡിറക്കിയശേഷം തിരിച്ചുപോകാന്‍ ശ്രമിച്ചത് വഴിക്കടവ് നാടുകാണി ചുരം വഴിയാണെന്ന് കരുതുന്നു. വഴിക്കടവിലെ ചെക്പോസ്റ്റുകളില്‍ തടഞ്ഞേക്കുമെന്ന ധാരണയിലാകാം വാഹനം ഉപേക്ഷിച്ചതെന്നു കരുതുന്നു.
ലഹരിയെത്തുന്നു, പച്ചക്കറി വണ്ടികളില്‍
നിലമ്പൂര്‍: ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ലഹരി വസ്തുക്കളെത്തിക്കുന്നത് പ്രധാനമായും പച്ചക്കറിവണ്ടികളില്‍. ഇതിനായി പ്രത്യേക ലോബികള്‍ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി അറിയുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നിലമ്പൂര്‍ കൂറ്റമ്പാറയില്‍വെച്ച് പിടികൂടിയ 183 കിലോഗ്രാം കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലും കേരളത്തില്‍ എത്തിച്ചതും ഈ രീതിയില്‍ത്തന്നെയെന്നാണ് എക്‌സൈസ് അധികൃതരുടെ സംശയം. വെള്ളിയാഴ്ച പുലര്‍ച്ചെ കൂറ്റമ്പാറയ്ക്കടുത്തുവെച്ച് ലഹരിവസ്തുക്കള്‍ പിടികൂടുന്നതിന് മുനപായി കഞ്ചാവും മറ്റും എത്തിച്ച വണ്ടിയെന്ന് കരുതുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള മിനി പിക്അപ്പിലുള്ളവര്‍ വഴിക്കടവ് വഴി രക്ഷപ്പെടാന്‍ ശ്രമം നടത്തിയതായാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് വാഹനം വഴിക്കടവ് ചുരം റോഡില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
വാഹനം നിര്‍ത്തി രണ്ടുപേര്‍ ഇറങ്ങിപ്പോകുന്നത് സമീപത്തെ സി.സി.ടി.വി. ദൃശ്യത്തില്‍ വ്യക്തമാണ്.
ലഹരിവസ്തുക്കള്‍ പിടിച്ചതോടെ കൂടുതല്‍ വാഹനങ്ങള്‍ സംഘം ഉപയോഗിച്ചിട്ടുണ്ടാവാമെന്ന ധാരണയില്‍ ചെക്പോസ്റ്റടക്കമുള്ള കേന്ദ്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാവാം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ കാരണമായതെന്ന് കരുതുന്നു.
മൂന്നാഴ്ച മുന്‍പ് തിരൂരില്‍നിന്നും പിന്നീട് പരപ്പനങ്ങാടി, കോട്ടയ്ക്കല്‍, വണ്ടൂര്‍ എന്നിവിടങ്ങളില്‍നിന്നും വലിയ അളവില്‍ കഞ്ചാവ് പോലീസും എക്‌സൈസും പിടികൂടിയിരുന്നു. അന്തഃസംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വലിയ റാക്കറ്റാണ് ഇതിനുപിന്നിലെന്നാണ് പോലീസും എക്‌സൈസും പറയുന്നത്. ഒരു തവണ കുറഞ്ഞ അളവില്‍ കഞ്ചാവുപോലുള്ള ലഹരി വസ്തുക്കള്‍ കടത്തുമ്പോള്‍ ഉണ്ടാകുന്ന റിസ്‌കാണ് കൂടിയ അളവില്‍ കടത്തുമ്പോഴും ഉള്ളത്. എന്നാല്‍പ്പിന്നെ ഓരോ തവണയും വലിയ അളവില്‍ കൊണ്ടുവരുന്നതാണ് ലാഭമെന്നാണ് കടത്തുകാരുടെ ചിന്ത. കൊണ്ടുവരുന്ന കഞ്ചാവും മറ്റും എത്രകാലം വേണമെങ്കിലും കേടുവരാതെ സൂക്ഷിച്ചുവെക്കുകയും ചെയ്യാം.
കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ കഞ്ചാവ് കൊണ്ടുവന്നാല്‍ വില്‍ക്കാന്‍ പ്രയാസമുണ്ടായിരുന്നതിനാല്‍ കഞ്ചാവുകടത്ത് കുറവായിരുന്നെങ്കിലും പിന്നീട് സ്ഥിതിമാറി. കോവിഡ് കാലത്ത് പച്ചക്കറി വാഹനങ്ങള്‍ മുടക്കമില്ലാതെ ഓടിയിരുന്നു. മുന്‍പ് വലിയ ലോറികളിലാണ് പച്ചക്കറികള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൂടുതലായും എത്തിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് ചെറിയ വാഹനങ്ങളും വ്യാപകമായി പച്ചക്കറി കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്നു.
ഇതില്‍ ചിലതെങ്കിലും ലഹരികടത്തിനുവേണ്ടി മാത്രമാണുപയോഗിച്ചിരുന്നതെന്നാണ് അന്വേഷകര്‍ക്ക് ലഭിക്കുന്ന വിവരം. ചെറിയ വാഹനങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ പച്ചക്കറികള്‍ കയറ്റി ഒപ്പം ഉള്ളില്‍ ലഹരിവസ്തുക്കളും കയറ്റിയാണ് കേരളത്തിലെത്തുന്നത്. പച്ചക്കറികള്‍ കിട്ടുന്നവിലയ്ക്ക് വില്‍ക്കും. ഇത്തരത്തിലുള്ള പച്ചക്കറികള്‍ വാങ്ങാനും ഏജന്റുമാരുണ്ട്. അവ റോഡരികുകളില്‍ ആദായവില്‍പ്പനയായാണ് വില്‍ക്കുക. ?
കഞ്ചാവ് വരുന്നത് ആന്ധ്രയില്‍നിന്ന്
നിലമ്പൂര്‍: കേരളത്തിലെ കഞ്ചാവുപ്രേമികളുടെ പ്രിയ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. കേരളത്തിലേക്കെത്തുന്ന കഞ്ചാവിന്റെ പ്രധാന പങ്കും വരുന്നത് ആന്ധ്രയില്‍നിന്നാണ്.
വിശാലമായ കഞ്ചാവുതോട്ടങ്ങളുള്ള ആന്ധ്രയില്‍ പക്ഷേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരും കൃഷി ചെയ്യുന്നതായാണ് പോലീസിന് ലഭ്യമായ വിവരം. തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ ഏറെയും കഞ്ചാവുകൃഷി ചെയ്യുന്നത് ആന്ധ്രയിലാണ്. നീളംകൂടിയ ഇലകളുള്ള കഞ്ചാവും നീളംകുറഞ്ഞ ഇലകളുള്ള കഞ്ചാവുമാണ് പ്രധാനമായും ആന്ധ്രയില്‍ കൃഷിചെയ്യുന്നത്. 2019-ല്‍ തമിഴ്നാട് നര്‍ക്കോട്ടിക് ബ്യൂറോയുടെ യോഗത്തില്‍ തമിഴ്നാട് ഡി.ജി.പി. പറഞ്ഞത് തമിഴ്നാട്ടില്‍ 1,500 ശതമാനം കഞ്ചാവുപയോഗം കൂടിയെന്നാണ്.
ഇത് തമിഴ്നാട്ടില്‍ നിന്നുള്ള ലഹരി മാഫിയയുടെ കഞ്ചാവ് വ്യാപാരത്തിന്റെ തോത് വിപുലപ്പെടുത്തിയതിനുള്ള തെളിവാണ്. ഈ വ്യാപാരികളില്‍ ചിലര്‍ ഇടനിലനിന്നാണ് കേരളത്തിലേക്കും വലിയ തോതില്‍ കഞ്ചാവെത്തിക്കുന്നതെന്ന് സൂചനയുണ്ട്. ആന്ധ്രയില്‍നിന്ന് തമിഴ്നാട്ടിലെത്തിച്ച് ശ്രീലങ്കയിേലക്കെത്തിക്കാനുള്ള സംഘവുമുണ്ട്. ആന്ധ്രയിലെ നക്സല്‍ മേഖലകള്‍, കനകപ്പള്ളി, പടേരു, തുണി എന്നീ സ്ഥലങ്ങളും ഒഡീഷയിലെ ഉംഗോളും കഞ്ചാവുകൃഷിക്ക് പേരുകേട്ട സ്ഥലങ്ങളാണ്. നല്ല മൂത്ത കഞ്ചാവുചെടിയുടെ വേര് ഒഴിവാക്കി ചതച്ച് പിഴിഞ്ഞാണ് ഹാഷിഷ് ഓയില്‍ എടുക്കുന്നത്.
എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കുറ്റിപ്പുറം: ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നിനിടെ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കാടാമ്പുഴ സ്വദേശി പുല്ലാട്ടില്‍ വീട്ടില്‍ മുഹമ്മദ് ഷരീഫിനെ(25)യാണ് കോട്ടയ്ക്കലിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍നിന്ന് വെള്ളിയാഴ്ച കുറ്റിപ്പുറം എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. ഇയാളില്‍നിന്ന് 80 മില്ലി എം.ഡി.എം.എ.യും വീട്ടില്‍നിന്ന് 3.9 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഹോട്ടലുകള്‍, ടൂറിസ്റ്റ് ഹോമുകള്‍ എന്നിവ കേന്ദ്രീകരിച്ച് മുഹമ്മദ് ഷരീഫ് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ സജീവ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ യു. കുഞ്ഞാലന്‍കുട്ടി, ടി. പ്രജോഷ്‌കുമാര്‍, മുസ്തഫ ചോലയില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദാലി, കെ. രാജീവ്, കെ. ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ ശനിയാഴ്ച തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..