പ്രതീകാത്മക ചിത്രം | മാതൃഭൂമി
കോയമ്പത്തൂര്‍: അധ്യാപകന്റെ പേര് എഴുതിവെച്ച ശേഷം കോയമ്പത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ സ്കൂളിലെ ഫിസിക്സ് അധ്യാപകനായ മിഥുന് ചന്ദ്രവര്‍ത്തിയുടെ പേര് എഴുതിവെച്ചാണ് 17 വയസുള്ള വിദ്യാര്‍ഥിനി തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപകനെ പോക്സോ ചുമത്തി കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മിഥുന് ചന്ദ്രവര്ത്തി ഒന്നിലധികം തവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ മാസത്തില്‍ സ്പെഷ്യല്‍ ക്ലാസിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ പീഡിപ്പിച്ചെന്നാണ് വിവരം. പെണ്‍കുട്ടി സംഭവം സ്കൂള്‍ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഇയാളെ പുറത്താക്കുകയും പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഇതോടെ സ്കൂളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങിയ പെണ്‍കുട്ടി അടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നു.സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്ന പെണ്‍കുട്ടിക്ക് പുതിയ സ്കൂള്‍ അധികൃതര്‍ കൗണ്‍സലിങ് അടക്കം നല്കി വരുകയായിരുന്നു. അധ്യാപകന്റെ ലൈംഗികാതിക്രമവും ആവര്‍ത്തിച്ചുള്ള പീഡനവും കാരണം പെണ്‍കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തും മാതാപിതാക്കളും ആരോപിച്ചു.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീട്ടില്‍ തനിച്ചായ പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്തിന് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഏഴ് മണിയോടെ സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇരുവരും ചേര്‍ന്നാണ് അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആര്‍എസ് പുരം ഓള് വിമന്‍സ് പോലീസാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. അധ്യാപകനെതിരേ ഐപിസി 306 (ആത്മഹത്യ പ്രേരണ), സെക്ഷന്‍ 9 (എല്‍) (കുട്ടിയെ ഒന്നിലധികം തവണ അല്ലെങ്കില്‍ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക) എന്നിവ പ്രകാരവും പോക്സോ നിയമപ്രകാരവും കേസെടുത്തുത്തിട്ടുണ്ട്. അധ്യാപകന് പുറമേ മറ്റ് രണ്ട് പേരുടെ പേരും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരേ ഇതുവരെ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: 17-year-old Coimbatore girl dies by suicide, allegations of sexual assault by teacher
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..