അഭിൽദേവ്
കിളിമാനൂര്‍: പള്ളിക്കലിനടുത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കടയ്ക്കല്‍, വെള്ളാര്‍വട്ടം, ആലത്തറമല, മാവിള പുത്തന്‍വീട്ടില്‍ അഭില്‍ദേവ് (21)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബര്‍ 19-നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ചെയ്യുന്ന ദിവസം അഭില്‍ദേവിന്റെ നാല്പതിലധികം കോളുകള്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് എത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് വിധേയയായെന്ന സൂചനകളും ലഭിച്ചിരുന്നു. പ്രതിക്കെതിരേ ആത്മഹത്യപ്രേരണാകുറ്റത്തിന് കേസെടുത്ത് പോലീസ് വിശദാന്വേഷണം തുടങ്ങി.
തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ പാറശ്ശാലയില്‍ വെച്ചാണ് പിടികൂടിയത്. പീഡനം നടന്ന സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളുമായി പ്രതിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യാതൊരു മുന്‍പരിചയവും ഇല്ലാത്ത പ്രതി പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് വലയിലാക്കിയത്. ഇയാളുടെ ഇന്‍സ്റ്റഗ്രാം ചതിക്കുഴിയില്‍ നിരവധി പെണ്‍കുട്ടികള്‍ ഇതിനകം പെട്ടിട്ടുണ്ട്.
കൂട്ടുകാരില്‍നിന്നു സംഘടിപ്പിക്കുന്ന ആഡംബര ബൈക്കുകളില്‍ പെണ്‍കുട്ടികളുമായി കറങ്ങലാണ് ഇയാളുടെ പതിവ് വിനോദമെന്നു പറയുന്നു. ഇതോടൊപ്പം പെണ്‍കുട്ടിയുടെ സ്വര്‍ണാഭരണങ്ങളും പ്രതി കൈവശപ്പെടുത്തി. സ്വര്‍ണം പോലീസ് വീണ്ടെടുത്തിട്ടുണ്ട്. പ്രതിക്ക് മറ്റു പെണ്‍കുട്ടികളുമായി വഴിവിട്ടബന്ധം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നു പറയുന്നു.
പെണ്‍കുട്ടിയുടെ അച്ഛന് നേരത്തെ മരിച്ചു. പള്ളിക്കല്‍ എസ്.എച്ച്.ഒ. പി.ശ്രീജിത്ത്, എസ്.ഐ. എം.സഹില്‍, എ.എസ്.ഐ. അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ. മനോജ്, സി.പി.ഒ. സന്തോഷ്, ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..