രാഹുൽ ഭണ്ഡാരി
ബെംഗളൂരു: ബെംഗളൂരുനഗരത്തിലെ നടപ്പാതയില്‍ 17-കാരനെ തലയ്ക്ക് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആര്.ടി. നഗറിലെ ഗംഗാനഗര്‍ സ്വദേശി ഭഗത് സിങ്ങിന്റെ മകന് രാഹുല്‍ ഭണ്ഡാരിയാണ് മരിച്ചത്. സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയതാണെന്ന് കരുതുന്നതായി സദാശിവനഗര്‍ പോലീസ് അറിയിച്ചു. നഗരത്തിലെ ആര്‍മി പബ്ലിക് സ്കൂളില്‍ ഒന്നാംവര്‍ഷ പി.യു.സി. വിദ്യാര്‍ഥിയാണ്.
സദാശിവനഗറിലെ ആര്.വി.എം. സെക്കന്‍ഡ് സ്റ്റേജിലുള്ള ഇന്ത്യന്‍ എയര്‍ഫോഴ്സ് കമാന്‍ഡ് ട്രെയിനിങ് ഹെഡ് ക്വാര്‍ട്ടേഴ്സിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ഇവിടെയുള്ള ബി.എം.ടി.സി.യുടെ ബസ് കാത്തിരിപ്പുകേന്ദ്രത്തോട് ചേര്‍ന്ന് നടപ്പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. വെടിവെക്കാനുപയോഗിച്ച തോക്ക് മൃതദേഹത്തിനു സമീപത്തുനിന്ന് കണ്ടെടുത്തു.
ആര്‍മി ഹവില്‍ദാറായി വിരമിച്ച ഭഗത് സിങ്ങിന്റെ തോക്കാണിത്. മകനെ തോക്കുപയോഗിക്കാന്‍ പഠിപ്പിച്ചിരുന്നതായി ഭഗത് സിങ് പോലീസിന് മൊഴിനല്‍കി. പുലര്‍ച്ചെ 3.30-ഓടെയാണ് രാഹുല്‍ വീട്ടില്‍നിന്നിറങ്ങിയത്. അലമാരയില്‍നിന്ന് രക്ഷിതാക്കള്‍ കാണാതെ തോക്കെടുത്ത് പുറത്തുപോയ രാഹുല്‍ ഭണ്ഡാരി ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം തലയ്ക്ക് സ്വയം വെടിവക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍(സെന്‍ട്രല്‍)എം.എന്‍. അനുചേത് പറഞ്ഞു.
ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. പത്താം ക്ലാസില്‍ 90 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന രാഹുല്‍ വ്യാഴാഴ്ച രാത്രി വൈകിയും പഠനത്തിലായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..