പ്രതീകാത്മക ചിത്രം | ANI
ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 17-കാരന്‍ അറസ്റ്റില്‍. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഡല്‍ഹി പോലീസ് പ്രതിയെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.
നവംബര്‍ 15-നാണ് ദ്വാരകയിലെ ഓവുചാലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. തുടര്‍ന്ന് യുവതിയെ തിരിച്ചറിയാനായിരുന്നു പോലീസിന്റെ ശ്രമം. യുവതിയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതോടെയാണ് ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ഇതിനിടെ, കേസിലെ പ്രതിയെ കണ്ടെത്താനും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ഏകദേശം 2700-ഓളം പേരെയാണ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യംചെയ്തത്. ഇതിനൊടുവിലാണ് 17-കാരനെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യംചെയ്തതോടെ 17-കാരന്‍ കുറ്റംസമ്മതിക്കുകയായിരുന്നു. ബലാത്സംഗം ചെയ്തതിന് ശേഷമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പ്രതി വെളിപ്പെടുത്തി. തെളിവില്ലാതാക്കാന്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ തീപ്പൊള്ളലേല്‍പ്പിച്ചെന്നും പ്രതി പറഞ്ഞു.
സംഭവത്തില്‍ പ്രതിക്കെതിരേ കൊലക്കുറ്റത്തിന് പുറമേ ബലാത്സംഗക്കുറ്റവും ചുമത്തിയതായി പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..