പ്രതീകാത്മക ചിത്രം | PTI
ഭുവനേശ്വര്‍: ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റെന്ന കേസില്‍ അറസ്റ്റിലായ 17-കാരന്റെ മൊഴി പുറത്ത്. ഒഡീഷയിലെ ബലംഗീര്‍ ബേല്‍പാഡ സ്വദേശിയായ 17-കാരനാണ് താന്‍ ഭാര്യയെ വിറ്റിട്ടില്ലെന്ന് പോലീസിനോട് പറഞ്ഞത്. 26 വയസ്സുള്ള ഭാര്യയെ വിറ്റിട്ടില്ലെന്നും 60,000 രൂപയ്ക്ക് പണയം വെച്ചതാണെന്നുമാണ് ഇയാളുടെ അവകാശവാദം. തനിക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പണം ആവശ്യമായതിനാലാണ് ഭാര്യയെ പണയമായി നല്‍കിയതെന്നും പ്രതി പോലീസിന് മൊഴി നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞദിവസമാണ് 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ വിറ്റെന്ന കേസില്‍ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായ 26-കാരിയെ രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍നിന്ന് പോലീസ് മോചിപ്പിക്കുകയും ചെയ്തിരുന്നു.
വിവാഹത്തിന് ശേഷം രാജസ്ഥാനില്‍ ജോലിക്ക് പോയതായിരുന്നു ദമ്പതിമാര്‍. ഇവിടെവെച്ചാണ് 17-കാരന്‍ 1.8 ലക്ഷം രൂപയ്ക്ക് ഭാര്യയെ 55-കാരന് വിറ്റത്. ഇതിനുശേഷം 17-കാരന്‍ ഒഡീഷയിലെ സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തി. രാജസ്ഥാനില്‍വെച്ച് ഭാര്യ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ അസ്വാഭാവികത തോന്നിയ യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് 17-കാരന്റെ ഫോണ്‍ വിവരങ്ങളടക്കം പരിശോധിച്ച് വിശദമായി ചോദ്യംചെയ്തു. ഇതോടെയാണ് ഭാര്യയെ മറ്റൊരാള്‍ക്ക് വിറ്റതാണെന്ന് കണ്ടെത്തിയത്. 17-കാരന്റെ വിവാഹത്തിന്റെ നിയമസാധുതയും പ്രശ്നമാണ്.
ജൂലായില്‍ വിവാഹിതരായ ദമ്പതിമാര്‍ ഓഗസ്റ്റിലാണ് റായ്പുര്‍ വഴി രാജസ്ഥാനിലെ ബാരനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. അവിടെ ഇഷ്ടിക കളത്തിലായിരുന്നു 17-കാരന്‍ ജോലിചെയ്തിരുന്നത്. ജോലിക്ക് കയറി കുറച്ച് ദിവസത്തിന് ശേഷം ഇയാള്‍ ഭാര്യയെ ഒരു 55-കാരന് വില്‍ക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് പ്രതി സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയെന്നും ബാക്കി തുക ഭക്ഷണത്തിനായി ഹോട്ടലുകളില്‍ ചെലവഴിച്ചെന്നും പോലീസ് പറഞ്ഞു.
യുവതിയെ മോചിപ്പിക്കാനായി രാജസ്ഥാനിലെത്തിയ പോലീസ് സംഘത്തിന് ഏറെ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. യുവതിയെ പാര്‍പ്പിച്ച ഗ്രാമത്തില്‍ പ്രവേശിച്ചതിന് പിന്നാലെ പോലീസ് സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. യുവതിയെ കൊണ്ടുപോകാനാകില്ലെന്നും പണം കൊടുത്ത് വാങ്ങിയതാണെന്നും പറഞ്ഞാണ് ഇവര്‍ പോലീസിനെ എതിര്‍ത്തത്. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് യുവതിയെ ഗ്രാമത്തില്‍നിന്ന് മോചിപ്പിച്ചതെന്നും ബേല്‍പാഡ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബുലു മുണ്ട കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിയായ 17-കാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.
Content Highlights: 17 year boy arrested in odisha for selling his wife accused told he didnt sell wife mortgaged her
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..