Representational Image | Mathrubhumi
റാഞ്ചി: ജാര്‍ഖണ്ഡില്‍ 16 വയസ്സുകാരിയെ സുഹൃത്തും മറ്റ് എട്ട് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജാര്‍ഖണ്ഡിലെ ദുംകയിലാണ് സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ സുഹൃത്ത് വനത്തിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച് മറ്റ് എട്ടുപേരും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇവര്‍ വനത്തില്‍ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് അടക്കം ഒമ്പതുപേര്‍ക്കെതിരേ കേസെടുത്തതായി ജില്ലാ പോലീസ് സൂപ്രണ്ട് വൈ.എസ്. രമേശ് പറഞ്ഞു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍നിന്ന് മൊഴി രേഖപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. പ്രതികളായ ബാക്കി എട്ടുപേരെയും താന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
ഗ്രാമത്തിലെ പുഴക്കടവില്‍നിന്ന് വീട്ടിലേക്ക് പോകാനാണ് പെണ്‍കുട്ടി സുഹൃത്തിന്റെ സഹായം തേടിയത്. തുടര്‍ന്ന് സുഹൃത്തും മറ്റൊരാളും ബൈക്കില്‍ പെണ്‍കുട്ടിയെ കൂട്ടാനെത്തി. എന്നാല്‍ റോഡ് വഴി പോയാല്‍ പോലീസിന്റെ പരിശോധനയുണ്ടെന്നും അതിനാല്‍ വനത്തിലെ എളുപ്പവഴിയിലൂടെ പോകാമെന്നും സുഹൃത്ത് പെണ്‍കുട്ടിയോട് പറഞ്ഞു. വനത്തിനകത്തേക്ക് പ്രവേശിച്ച് കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് മറ്റുള്ളവര്‍ എത്തിയത്. തുടര്‍ന്ന് ഒമ്പതുപേരും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അബോധാവസ്ഥയില്‍ വനത്തിനുള്ളില്‍ കിടന്ന പെണ്‍കുട്ടിയെ പിന്നീട് പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വ്യാഴാഴ്ച രാവിലെ ബോധം വീണ്ടെടുത്തതായും പോലീസ് പറഞ്ഞു.
Content Highlights: 16 year old girl gang raped by her friend and eight others in jharkhand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..