പ്രതീകാത്മക ചിത്രം
ഭോപാല്‍: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 15 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലാണ് സംഭവം.
പീഡനത്തിനിരയായ 15-കാരി ഒക്ടോബര്‍ 16-നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സുഖമില്ലെന്ന് പറഞ്ഞ് കുഞ്ഞുമായി 15-കാരി ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് മരണംസംഭവിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്.
ഗ്രാമത്തിലെ 17-കാരനുമായി അടുപ്പത്തിലായിരുന്ന 15-കാരി ഗര്‍ഭിണിയാണെന്ന വിവരം ഓഗസ്റ്റ് മാസത്തിലാണ് വീട്ടുകാര്‍ അറിയുന്നത്. വയറുവേദനയുമായി ആശുപത്രിയിലെത്തിച്ചപ്പോളാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ 17-കാരനുമായുള്ള ബന്ധത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്നുപറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും പോക്‌സോ നിയമപ്രകാരം 17-കാരെ പിടികൂടുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 16-ന് പെണ്‍കുട്ടി പ്രസവിച്ചു. നവംബര്‍ അഞ്ചിനാണ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി വീണ്ടും ആശുപത്രിയില്‍ എത്തുകയായിരുന്നു.
ലൈംഗികപീഡനത്തിനിരയായി ഗര്‍ഭിണിയായതും കുഞ്ഞിനെ പ്രസവിച്ചതും പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിക്ക് നാണക്കേടും തോന്നിയിരുന്നു. ഇതാണ് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നും തെണ്ടുഖേദ പോലീസ് സബ് ഡിവിഷണല്‍ ഓഫീസര്‍ അശോക് ചൗരാസിയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പെണ്‍കുട്ടിയെ ജുവനൈല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..