പ്രതീകാത്മക ചിത്രം|PTI
റാഞ്ചി: സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 14 വയസ്സുകാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കാട്ടില്‍ തള്ളി. കുട്ടിയുടെ കൈകാലുകളും മറ്റും വെട്ടിമാറ്റിയ ശേഷം മൂന്ന് ചാക്കുകളിലാക്കിയാണ് കാട്ടില്‍ ഉപേക്ഷിച്ചത്. ജാര്‍ഖണ്ഡിലെ ദേവ്ഗര്‍ ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 14-കാരന്റെ സുഹൃത്തായ അവിനാശി (19)നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.
ബുധനാഴ്ചയാണ് ജസിദിഹ് പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന 14-കാരനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്ന് പോയ കുട്ടി തിരികെവന്നില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കുട്ടിയുടെ സുഹൃത്തായ മറ്റൊരു 14-കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കസ്റ്റഡിയിലെടുത്ത്. ഈ കുട്ടിയെ ചോദ്യംചെയ്തതോടെയാണ് എന്താണ് നടന്നതെന്ന് വ്യക്തമായത്.
ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് കൊല്ലപ്പെട്ട 14-കാരനെ വീടിന് പുറത്ത് കണ്ടതെന്ന് കുട്ടി മൊഴി നല്കി. തുടര്‍ന്ന് രണ്ടുപേരും കൂടി കുംറാബാദ് സ്റ്റേഷന് റോഡിലേക്ക് പോയി. അവിടെവെച്ച് മറ്റൊരു സുഹൃത്തായ അവിനാശും ഒപ്പംകൂടി. പിന്നീട് ഇവർ തൊട്ടടുത്ത വനപ്രദേശത്തേക്കു പോയി. വഴിയില്‍വെച്ച് 14-കാരനും അവിനാശും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ അവിനാശ് കൈയില്‍ കരുതിയ കത്തി കൊണ്ട് 14-കാരനെ കുത്തിക്കൊലപ്പെടുത്തിയെന്നും സുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തി.
കഴുത്തറുത്താണ് കുട്ടിയെ കൊന്നത്. ശേഷം കൈകാലുകള്‍ വെട്ടിമാറ്റി. മൃതദേഹം പല കഷണങ്ങളായി വീണ്ടും വെട്ടിനുറുക്കി. ഇതെല്ലാം മൂന്ന് ചാക്കുകളിലാക്കി വനത്തില്‍ തള്ളിയെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സുഹൃത്തിന്റെ മൊഴിക്ക് പിന്നാലെ പോലീസ് അവിനാശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. 14-കാരനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. വനത്തില്‍നിന്ന് മൃതദേഹവും കണ്ടെടുത്തു. കൊല്ലാന്‍ ഉപയോഗിച്ച കത്തിയും കൊല്ലപ്പെട്ട കുട്ടിയുടെ മൊബൈല്‍ഫോണും പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
Content Highlights: 14 year old boy brutally killed in jharkhand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..