പോലീസ് സംഘം പിടിച്ചെടുത്ത കഞ്ചാവ് | Photo: twitter.com|CPBlr
ബെംഗളൂരു: കർണാടകയിൽ വീണ്ടും ലഹരി വേട്ട. കലബുറഗിയിലെ രണ്ടിടങ്ങളിലായി നടന്ന റെയ്‌ഡിൽ 1350 കിലോ കഞ്ചാവ് പിടിച്ചെടുത്തു. നേരത്തെ പിടിയിലായ ലഹരിക്കടത്തുകാരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് സംഘം റെയ്‌ഡ് നടത്തിയത്.
കമലാപുരയിലും കലഗി താലൂക്കിലെ ഒരു ഫാമിലുമായിരുന്നു പോലീസ് സംഘത്തിന്റെ റെയ്‌ഡ്. കമലാപുരയിൽനിന്ന് 150 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. കലഗിയിലെ ചെമ്മരിയാട് ഫാമിൽനിന്നും 1200 കിലോ കഞ്ചാവും കണ്ടെടുത്തു. ബെംഗളൂരു വെസ്റ്റ് അഡീഷണൽ കമ്മീഷണർ സൗമേന്ദു മുഖർജിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.
ഫാമിൽ റെയ്‌ഡിനെത്തിയ പോലീസ് സംഘത്തിന് ആദ്യ പരിശോധനയിൽ ഒന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നേരത്തെ പിടിയിലായ ചന്ദ്രകാന്ത് എന്ന ലഹരിക്കടത്തുകാരനെ ചോദ്യംചെയ്തതോടെയാണ് ഫാമിലെ രഹസ്യകേന്ദ്രം കണ്ടെത്തിയത്. ഫാമിലെ ഭൂഗർഭ അറയിൽ നിരവധി വലിയ പാക്കറ്റുകളിലായാണ് 1200 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഒഡീഷയിൽനിന്ന് തെലങ്കാനയിലെ ഇടനിലക്കാർ വഴിയാണ് കർണാടകയിലേക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് ഇവർ പറഞ്ഞു. പച്ചക്കറി ലോറികളാണ് കഞ്ചാവ് കടത്തിന് ഉപയോഗിച്ചിരുന്നത്. ചന്ദ്രകാന്ത് അടക്കമുള്ള പ്രതികളെ പിടികൂടുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്ത പോലീസ് സംഘത്തിന് രണ്ട് ലക്ഷം രൂപ പാരിതോഷികം നൽകി.
Content Highlights:1350 kg ganja seized by karnataka police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..