ഏനാത്ത് പാലത്തിനു സമീപം സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധനയിൽ പിടിച്ചെടുത്ത 1100 കിലോ കോഴിയിറച്ചി കുളക്കട കുളത്തുവയൽ ഭാഗത്ത് കുഴിച്ചുമൂടുന്നു
പുത്തൂര്‍ : തമിഴ്നാട്ടില്‍നിന്ന് മിനിവാനില്‍ കൊണ്ടുവന്ന ഉപയോഗയോഗ്യമല്ലാത്ത 1100 കിലോ കോഴിയിറച്ചി ഏനാത്ത് പാലത്തിനു സമീപം കുളക്കടയില്‍ പിടിച്ചെടുത്തു.
കൊല്ലം കളക്ടറേറ്റില്‍നിന്നുള്ള പ്രത്യേക സംഘത്തിന്റെ പരിശോധനയിലാണ് ഭക്ഷ്യഗുണനിലവാര നിയമപ്രകാരം ഇറച്ചി കണ്ടെടുത്തത്. രാവിലെ 10.30-ഓടെയായിരുന്നു സംഭവം. പിടിച്ചെടുത്തതില്‍ 25 കിലോ കോഴിയുടെ കരളാണ്. പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് ഇറച്ചിയും കരളും സൂക്ഷിച്ചിരുന്നത്.
ഇറച്ചിയുടെ ഉപയോഗ കാലാവധി ഈ മാസം 14 വരെയുണ്ടെന്നാണ് കവറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത് കൊണ്ടുവന്നത് വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെയാണ്.
ഇതിനാലാകാം ഇറച്ചി കേടായതെന്ന് പരിശോധനസംഘം പറഞ്ഞു. രൂക്ഷമായ ദുര്‍ഗന്ധമായിരുന്നു ഇവയ്ക്ക്. കുളക്കടയ്ക്കും പുത്തൂര്‍മുക്കിനുമിടയില്‍ കുളത്തുവയല്‍ ഭാഗത്തെ സര്‍ക്കാര്‍ ഭൂമിയില്‍ വലിയ കുഴി നിര്‍മിച്ച് അണുനാശിനി തളിച്ചശേഷം പിടിച്ചെടുത്ത കോഴിയിറച്ചി മറവു ചെയ്തു. പളനിയില്‍നിന്ന് തിരുവനന്തപുരത്തേക്കു കൊണ്ടുപോകുകയായിരുന്നു കോഴിയിറച്ചി.
കൊട്ടാരക്കര ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍.രാമദാസ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ നിഷാറാണി, എച്ച്.ഐ. രവികുമാര്‍, പുത്തൂര്‍ പോലീസ് എ.എസ്.ഐ. നന്ദകുമാര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കുളക്കട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.രാജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കുഴിച്ചുമൂടിയത്.
Content Highlights: 1100 kg chicken meat seized in kollam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..