പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ | Screengrab: Mathrubhumi News
ചെന്നൈ: സി.ഐ.എസ്.എഫ്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 11 വയസ്സുകാരന് ഗുരുതര പരിക്ക്. തമിഴ്നാട്ടിലെ പുതുക്കോട്ട നാര്‍ത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിക്കാണ് തലയില്‍ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു വെടി ആദ്യം വീടിന്റെ ചുമരിലാണ് കൊണ്ടത്. ഇതിനുപിന്നാലെയാണ് കുട്ടിയുടെ തലയിലും വെടിയേറ്റത്. പരിക്കേറ്റ് നിലത്തുവീണുകിടന്ന 11 വയസ്സുകാരനെ ബന്ധുക്കളും നാട്ടുകാരും ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
അതിനിടെ, നാര്‍ത്തമലൈയിലെ ഷൂട്ടിങ് പരിശീലനത്തിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടിക്ക് വെടിയേറ്റതിന് പിന്നാലെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. സംഭവസ്ഥലത്ത് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു.
Content Highlights: 11 year old boy hits by bullet during shooting practice in cisf camp tamilnadu pudukottai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..