കാലിയ മാജ്ജ
കിഴക്കമ്പലം: ചേലക്കുളം തൈക്കാവിനടുത്ത് വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി പതിനൊന്ന് വയസ്സുകാരനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒഡിഷ സ്വദേശി കാലിയ മാജ്ജ (46) യെ കുന്നത്തുനാട് സി.ഐ. വി.ടി. ഷാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇയാളെ ആശുപത്രിയില്‍നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്തപ്പോഴാണ് അറസ്റ്റ്.
കഴിഞ്ഞ 10-നാണ് പുലര്‍ച്ചെ മതപഠനത്തിന് പോകാന്‍ തയ്യാറായിനിന്ന കുട്ടിയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറി മരക്കമ്പുകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ചത്. ഒഡിഷയില്‍നിന്ന് രണ്ടുദിവസം മുമ്പാണ് ഇയാള്‍ ഇവിടെ ആദ്യമായെത്തുന്നത്. സമീപത്തെ മറ്റൊരുവീട്ടില്‍ കയറിയും അതിക്രമത്തിന് ശ്രമിച്ചിരുന്നു. വഴിയില്‍ക്കണ്ട വാഹനങ്ങള്‍ക്കുനേരേ കല്ലെറിഞ്ഞും ഇയാള്‍ പ്രകോപനം സൃഷ്ടിച്ചിരുന്നു.
കുട്ടിയെ ആക്രമിച്ചശേഷം ഓടുന്നതിനിടയില്‍ നാട്ടുകാര്‍ പിന്നാലെയെത്തി പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ കുതറിമാറുന്നതിനിടയിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇയാളുടെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാള്‍ ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്നാണ് പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: 11 year old boy brutally attacked by odisha native in kizhakkambalam eranakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..