
പ്രതീകാത്മക ചിത്രം|മാതൃഭൂമി
ഇരിട്ടി: അര്‍ധരാത്രി വീട്ടുകാരറിയാതെ വീടുവിട്ടിറങ്ങിയ 10 വയസ്സുകാരനെ യാത്രക്കാരിയുടെ ഇടപെടലില്‍ തിരികെ വീട്ടിലെത്തിച്ചു. അസമയത്ത് ദീര്‍ഘനേരം ഫോണ്‍ നോക്കിയിരുന്നതിന് രക്ഷിതാവ് വഴക്ക് പറഞ്ഞതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം ബാലന് വീടുവിട്ടിറങ്ങിയത്. രാത്രി 12-ഓടെയാണ് സ്കൂള്‍ ബാഗുമായി റോഡിലൂടെ നടന്നുപോകുന്നത് യാത്രക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇരിട്ടി-മട്ടന്നൂര്‍ റോഡില്‍ ഉളിയില്‍ കുന്നിന് കീഴില്‍ റോഡിലായിരുന്നു ഇത്.
ഇരിട്ടി വികാസ് നഗര്‍ സ്വദേശിനിയും കുടുംബവും കാറില്‍ നടുവന്നാട്ടെ കുടുംബവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബാഗുമായി ഒറ്റയ്ക്ക് പോകുകയായിരുന്ന ബാലനെ കണ്ടപ്പോള്‍ സംശയം തോന്നി വണ്ടി നിര്‍ത്തി. കാറില്‍നിന്ന് യുവതിയും കുടുംബവും ഇറങ്ങുന്നത് കണ്ടതോടെ ഇവന് റോഡിന് എതിര്‍വശത്തേക്ക് കടന്നു. പെട്ടെന്നുതന്നെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. ഉടന്‍ യുവതി പോലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ചു. യുവതിയും കുഞ്ഞുമകളും പ്രായമായ പിതാവും ഉള്‍പ്പെടുന്ന കുടുംബം പോലീസ് വരുന്നതുവരെ ബാലനെ നിരീക്ഷിച്ച് പോലീസ് വരുന്നതുവരെ റോഡരികില്‍ നിന്നു.
പാനൂര്‍ പോലീസ് കണ്ട്രോള് റൂം എസ്.ഐ. വിനോദ് കുമാറും സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജേഷ്, സന്ദീപ് എന്നിവരും വൈകാതെ സ്ഥലത്തെത്തി. പോലീസ് എത്തിയശേഷം യുവതിയും കുടുംബവും വീട്ടിലേക്ക് പോയി. പോലീസ് ഏറെനേരം പ്രദേശത്ത് തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ഇരിട്ടി പോലീസും സ്ഥലത്തെത്തി. സമീപത്തെ വീട്ടുകാരെയും വിളിച്ചുണര്‍ത്തി പോലീസ് അവരുടെ സഹായവും തേടി.
ഏറെനേരം കഴിഞ്ഞപ്പോള്‍ ബാലനെ അടുത്തുള്ള മാര്‍ബിള്‍ കടയുടെ സമീപത്ത് കണ്ടെത്തി. അവിടെയിരുന്ന് ഉറങ്ങിയ നിലയിലായിരുന്നു. പോലീസ് ബാലനെയും കൊണ്ട് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം വീട്ടുകാര്‍പോലും അറിയുന്നത്. തനിക്കും ചെറിയ കുഞ്ഞുള്ളതുകൊണ്ടാണ് അസമയത്ത് റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന ബാലനെ കണ്ടപ്പോള്‍ വണ്ടിനിര്‍ത്തി അന്വേഷിക്കാന്‍ തോന്നിയതെന്ന് യുവതി 'മാതൃഭൂമി'യോട് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..