ഒന്നും ചെയ്യല്ലേയെന്ന് കേണപേക്ഷിച്ചു, പക്ഷെ രോഗിയായ അച്ഛന്‍റെ കരച്ചിൽ അവന്‍ കേട്ടില്ല, ആഞ്ഞുകുത്തി


മകൻ ഷൈന്റെ കുത്തേറ്റ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് ഷാജി

കോഴിക്കോട്: മോനേ, ഒന്നും ചെയ്യല്ലേ...എന്ന് കേണുപറഞ്ഞ് ഷാജി കരയുന്നുണ്ടായിരുന്നു. പക്ഷേ, മയക്കുമരുന്നിന്റെ ലഹരിയിൽ മകൻ ഷൈൻ ആ കരച്ചിൽ കേട്ടതേയില്ല. കട്ടിലിൽ വയ്യാതെ കിടന്നിരുന്ന അച്ഛന്റെ കഴുത്തിലും മുഖത്തും നെഞ്ചിലുമായി ആഞ്ഞുകുത്തി. ‘വയ്യാതെ കിടക്കുന്നയാളാണ്, അച്ഛനെ ഒന്നും ചെയ്യരുതെന്ന്’ പോലീസുകാരും പറയുന്നുണ്ടായിരുന്നു. പക്ഷേ, അച്ഛനാണെന്ന കാരുണ്യംപോലും ഷൈനിന്റെ ഭാഗത്തുനിന്നുണ്ടായില്ല.

ഷൈൻ കുത്താൻവരുമ്പോൾ എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന അച്ഛൻ കട്ടിലിന്റെ മൂലയിലേക്ക് നീങ്ങുന്നുണ്ടായിരുന്നു. ആവുംവിധം തടുക്കുന്നുണ്ടായിരുന്നെങ്കിലും ബലവാനായ മകന്റെ മുന്നിൽ അച്ഛന്റെ ചെറുത്തുനിൽപ്പ് അധികം നീണ്ടില്ല. പോലീസ് വെടിവെച്ചിരുന്നില്ലായിരുന്നെങ്കിൽ ഷാജിയുടെ അവസ്ഥ ഇതിലും ഗുരുതരമാകുമായിരുന്നു.ഷൈനിന്റെ കാലിനുനേരെയാണ് പോലീസ് വെടിവെച്ചതെങ്കിലും ചുമരിലാണ് കൊണ്ടത്. കുത്തേറ്റ് പുളയുമ്പോഴുള്ള ഷാജിയുടെ അലറിക്കരച്ചിൽ പരിസരമാകെ മുഴങ്ങുന്നുണ്ടായിരുന്നു. മകൻ സ്വയംമുറിവേൽപ്പിച്ച് മരിക്കരുതെന്ന് കരുതി വാതിൽ തുറന്നുകൊടുത്ത അമ്മയോടും ഇതേ ക്രൂരതയാണ് ഷൈൻ ആവർത്തിച്ചത്. കുത്തേറ്റിട്ടും മകൻ കൊല്ലാൻവേണ്ടി ചെയ്തതായിരിക്കില്ല. അവന്റെ രൂപം മാറിപ്പോയതായിരിക്കുമെന്നായിരുന്നു ആശുപത്രികിടക്കയിൽനിന്ന് അമ്മയുടെ പ്രതികരണം. അമ്മ ബിജിയെ ബീച്ചാശുപത്രിയിൽ കൊണ്ടുചെന്നാക്കിയശേഷമാണ് അച്ഛന് മർദനമേൽക്കുന്നത്.

മൂർച്ചയുള്ളതരം കത്തിയാണ് ഷൈനിന്റെ കൈയിലുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. പോലീസ് എത്തുമ്പോൾ കത്തിയണച്ച് നടക്കുകയായിരുന്നു.

ആദ്യംതന്നെ ഷൈനിനെ പോലീസ് ബലംപ്രയോഗിച്ച് തന്ത്രപൂർവമാണ് കീഴടക്കിയത്. ഇതിനിടെ അടികൊണ്ട് പോലീസിന്റെ ലാത്തി മുറിഞ്ഞു.

ടൈൽസ്ജോലിക്കാരനായിരുന്ന ഷൈൻ പിന്നീടാണ് മയക്കുമരുന്നിന് അടിമയാവുന്നത്. കാക്കൂർ പോലീസ് സ്റ്റേഷനിൽ ഭവനഭേദന കേസിൽ അറസ്റ്റിലായി രണ്ടാഴ്ച ജയിലിൽ കിടന്നിട്ടുണ്ട്. തൃശ്ശൂർ ചേർപ്പ് പോലീസ് സ്റ്റേഷനിലും ചേവായൂരിലും മദ്യപിച്ച് അടിപിടിയുണ്ടാക്കിയതിനും കേസുണ്ട്.

ചേളന്നൂർ സ്വദേശികളായ ഇവർ മൂന്നുമാസം മുൻപാണ് എരഞ്ഞിപ്പാലത്ത് പാസ്‌പോർട്ട് ഓഫീസിനു സമീപത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്. മകളുടെ വിവാഹത്തിനുവേണ്ടി ചേളന്നൂരിലെ വീടു വിൽക്കേണ്ടിവന്നപ്പോൾ ഇവിടേക്ക് മാറുകയായിരുന്നു. നഗരത്തിലെ മയക്കുമരുന്നുസംഘത്തിൽ ഷൈനുമുണ്ടെന്നാണ് പോലീസ് പറയുന്നത്. നടക്കാവിൽ കഴിഞ്ഞ ദിവസം കൂട്ടക്കവർച്ചയിൽ അറസ്റ്റിലായ അഞ്ചുപേരുടെ സംഘവുമായി ഷൈനിനും ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

വീട്ടിലെത്തിച്ച ആംബുലൻസും തകർത്തു

കുറ്റിപ്പുറത്തെ ബസ്‌സ്റ്റാൻഡിൽവെച്ച് ഞായാറാഴ്ച രാവിലെ സംശയാസ്പദമായരീതിയിൽ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ച ഷൈനിനെ അവിടുത്തെ ട്രോമാകെയറിന്റെ ആംബുലൻസിലാണ് വൈകീട്ട് എരഞ്ഞിപ്പാലത്തെ വീട്ടിലെത്തിച്ചത്. പക്ഷേ, വീട്ടിലെത്തിച്ചയുടൻതന്നെ ഷൈൻ ആംബുലൻസിന്റെ ചില്ലുതകർത്തു. ഒരുവിധത്തിലാണ് കുറ്റിപ്പുറത്തുനിന്നെത്തിയ ട്രോമാകെയർ വൊളന്റിയർമാർ രക്ഷപ്പെട്ടത്. കുറ്റിപ്പുറം സ്റ്റേഷനിലും ഷൈൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പോലീസ് ബന്ധപ്പെട്ടപ്പോൾ മാനസികപ്രശ്നമുള്ളയാളാണ് കോഴിക്കോട്ടെ വീട്ടിലെത്തിക്കാൻ പറ്റുമോ എന്നാണ് അച്ഛൻ ചോദിച്ചത്. ഒരുവിധത്തിൽ അനുനയിപ്പിച്ചാണ് വാഹനത്തിൽ കയറ്റിക്കൊണ്ടുവന്നത്. മാതാപിതാക്കളെ കണ്ടപ്പോൾത്തന്നെ ഷൈൻ അക്രമാസക്തനാവുകയും ചെയ്തു.

വേദനക്കിടക്കയിലും ആ അച്ഛൻ വിലപിക്കുന്നത് മകനെയോർത്ത്

ലഹരിക്കടിമയായ മകൻ ഷൈനിന്റെ ആക്രമണത്തിൽ പരിക്കേറ്റ് വേദനകൊണ്ട് പുളയുമ്പോഴും ചേളന്നൂർ കണ്ണങ്കര തറമ്മൽ ഷാജി പൊട്ടിക്കരഞ്ഞുകൊണ്ട് വരുന്നവരോടെല്ലാം ചോദിക്കുന്നത് മകനെക്കുറിച്ചാണ്. മയക്കുമരുന്ന് ലഹരിയിൽ മകൻ ഏൽപ്പിച്ച മുറിവിനെക്കാൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത് മകനെക്കുറിച്ചുള്ള ചിന്തകളാണ്.

വീട്ടിലെ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞ് ചെയ്തിരുന്ന മകൻ സ്നേഹത്തോടെ മാത്രമായിരുന്നു ആദ്യമൊക്കെ പെരുമാറിയിരുന്നത്. എന്നാൽ, അഞ്ചാറുവർഷമായി സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായി. ‘ലഹരിമരുന്ന് ഉപയോഗിച്ചാൽ സമനില തെറ്റി ഭ്രാന്തായരീതിയിൽ അക്രമാസക്തനാകുന്ന അവസ്ഥയായിരുന്നു. ലഹരി ഒഴിഞ്ഞാൽ പിന്നീട് പശ്ചാത്തപിക്കുകയും ചെയ്യും’- മയക്കുമരുന്നിന്നടിമയായ മകനെക്കുറിച്ച് പറയുമ്പോൾ ആ അച്ഛൻ ഒരു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.

ഒരുമാസം മുമ്പ് മകൻ തള്ളിയതിനെത്തുടർന്ന് കുളിമുറിയിൽവീണ് കാലൊടിഞ്ഞ് കിടപ്പിലായ ഷാജിയെ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് മകൻ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. മകനെ പോലീസ് ഉപദ്രവിക്കുമോ എന്ന ആശങ്കയിലാണ് അമ്മ ബിജി.

Content Highlights: Youth high on drugs stabs parents; police resort to gunfire to subdue him


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented