സൂരജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലത്ത് വിദഗ്ധർ തെളിവു ശേഖരിക്കുന്നു, സൂരജ്
മുതുകുളം: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ഷെഡ്ഡിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. വീട്ടിൽനിന്ന് അത്രയും അകലെയെത്തി ആത്മഹത്യ ചെയ്യേണ്ടകാര്യമില്ല. ഇടതുകാൽ തറയിൽമുട്ടി മടങ്ങിയ നിലയിലായിരുന്നു. വലതുകാൽ തറയ്ക്കു പുറത്തുള്ള മണ്ണിനോടു ചേർന്നും. ബന്ധുക്കൾ ആരോപിച്ചു. വീടിന്റെ പിറകിൽനിന്ന് പലഭാഗങ്ങളായി പൊട്ടിയ നിലയിലാണ് മൊബൈൽ ഫോൺ കിട്ടിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മുതുകുളം രണ്ടാംവാർഡ് ചേപ്പാട് കന്നിമേൽ സാരംഗിയിൽ ജെ. സുരേഷ് കുമാറിന്റ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണു മൃതദേഹം കണ്ടത്. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആറ്റുവാത്തലയിൽ(സൂര്യഭവനം) സഞ്ജീവന്റെയും സഫിയയുടെയും മകൻ സൂരജ്(23) ആണു മരിച്ചത്.
രാവിലെ എട്ടുമണിയോടെ സുരേഷ് കുമാറിന്റെ ഭാര്യയാണു മൃതദേഹം കണ്ടത്. സുഹൃത്തുക്കളുടെ ഒത്തുചേരലിനായി സുരേഷ് കുമാർ ഞായറാഴ്ച മൂന്നാറിലേക്കു പോയിരുന്നു. ഭാര്യയും രണ്ടുമക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ അടുത്തുള്ള അമ്പലത്തിൽ ഉത്സവത്തിനു പോകുകയാണെന്നു പറഞ്ഞാണ് സൂരജ് വീട്ടിൽനിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടിലും എത്തിയിരുന്നു. തിരികെ എത്താഞ്ഞ്, തിങ്കളാഴ്ച രാവിലെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് വീട്ടിൽനിന്നു 10 കിലോമീറ്ററിലധികം ദൂരത്തുളള സുരേഷ് കുമാറിന്റെ വീട്ടിൽ തൂങ്ങിമരിച്ചുവെന്നറിയുന്നത്.
സുരേഷ് കുമാറിന്റെ മകളും സൂരജും ഹരിപ്പാട്ടെ ഒരു കംപ്യൂട്ടർ സ്ഥാപനത്തിൽ ഒരുമിച്ചു പഠിച്ചിരുന്നു. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ വീട്ടിൽ സൂരജ് എത്തിയതായും വീട്ടുകാരുമായി തർക്കമുണ്ടായതായും പറയുന്നു. അപ്പോൾ അവിടെനിന്നുപോയ സൂരജ് തിരികെയെത്തി തൂങ്ങിയതാകാമെന്നാണു നിഗമനം.
മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലും മൃതദേഹം കണ്ടസ്ഥലത്തുനിന്ന് അൽപ്പംമാറി കണ്ടെടുത്തു. ബൈക്ക് 150 മീറ്ററോളം അകലെയാണു വെച്ചിരുന്നത്. ശാസ്ത്രീയ, വിരലടയാള വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണംപിടിച്ച നായ ബൈക്ക് വെച്ചിരുന്ന സ്ഥലംവരെ ഓടി.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. ശവസംസ്കാരം ചൊവ്വാഴ്ച രണ്ടിനു വീട്ടുവളപ്പിൽ. കനകക്കുന്ന് പോലീസാണ് കേസന്വേഷിക്കുന്നത്.
Content Highlights: youth found dead in front of police sub inspector home in alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..