സൽമാനുൽ ഹാരിസ് | Screengrab: Mathrubhumi News
കണ്ണൂര്‍: കണ്ണൂരില്‍ യുവാവിന്റെ മരണം അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ചതിനാലെന്ന് സംശയം. കണ്ണൂര്‍ സിറ്റി സ്വദേശി സല്‍മാനുല്‍ ഹാരിസി(29)ന്റെ മരണത്തിലാണ് ലഹരിമരുന്ന് ഉപയോഗിച്ചതാണ് മരണകാരണമെന്ന് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യുവാവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനാഫലം പുറത്തുവന്നാലേ മരണകാരണം സംബന്ധിച്ച് വ്യക്തതവരുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. അതേസമയം, യുവാവിന്റെ മരണത്തില്‍ ലഹരിമാഫിയക്ക് പങ്കുണ്ടെന്ന് കുടുംബവുമായി ബന്ധപ്പെട്ടവരും ആരോപിച്ചു.
ഏപ്രില്‍ 18-ാം തീയതി വീട്ടില്‍നിന്ന് കാണാതായ സല്‍മാനുല്‍ ഹാരിസിനെ ഏപ്രില്‍ 19-നാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചതെന്നും ഇവിടെനിന്ന് രണ്ടുയുവാക്കളാണ് സല്‍മാനെ ആശുപത്രിയില്‍ എത്തിച്ചതെന്നും കുടുംബവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പിന്നീട് ഇവര്‍ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ടതായും ആരോപണമുണ്ട്.
സംഭവത്തില്‍ ലഹരിമാഫിയയ്ക്ക് പങ്കുണ്ടെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവരുടെ ആരോപണം. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും വീട്ടില്‍നിന്നിറക്കി കൊണ്ടുപോയ യുവാവിന് നിര്‍ബന്ധിച്ച് ലഹരിമരുന്ന് നല്‍കിയതാണെന്നും ഇവര്‍ പറയുന്നു.
അതേസമയം, യുവാവിന്റെ കൈയില്‍ കുത്തിവെച്ച പാടുകളുണ്ടെന്നും ഇത് ലഹരിമരുന്ന് കുത്തിവെച്ചതാണെന്നാണ് സംശയമെന്നും പോലീസ് പറഞ്ഞു. അമിതമായ അളവില്‍ ലഹരി ഉപയോഗിച്ച് മരണംസംഭവിച്ചെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. യുവാവ് നേരത്തെ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വ്യക്തത വരുത്താനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. യുവാവിന്റെ നഖവും മുടിയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കണ്ണൂര്‍ എ.സി.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
Content Highlights: youth dies in kannur police suspects overdose of drugs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..