അറസ്റ്റിലായ പ്രതി ഷിനോജ് | Photo: മാതൃഭൂമി
തൃശ്ശൂര്‍ : വിവാഹവാഗ്ദാനം നല്കി ഒട്ടേറെ യുവതികളെ വലയില്‍ വീഴ്ത്തുകയും ഇവരില്‍നിന്നും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തശേഷം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ചിറയില്‍വീട്ടില്‍ ഷിനോജി(35)നെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇരകളാക്കുന്നത് വിവാഹമോചിതരെ
ഫെയ്സ്ബുക്കിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും ഡൈവോഴ്സ് മാട്രിമോണി ഗ്രൂപ്പുകളില്‍നിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തിയശേഷം ഇവരെ പരിചയപ്പെട്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും പറഞ്ഞ് അടുത്തിടപഴകും. വിവാഹത്തീയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും വിശ്വസിപ്പിക്കും. ഇതിനുശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
വിവാഹമോചിതയായ പാലക്കാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി തിങ്കളാഴ്ച തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. പിറ്റേന്ന് ഗുരുവായൂരില്‍ പോയി വിവാഹം നടത്താമെന്ന് ഉറപ്പുനല്കിയശേഷം തൃശ്ശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിനു സമീപം സ്ത്രീയെ നിര്‍ത്തി മുങ്ങുകയും ചെയ്തു. സ്ത്രീ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.
തൃശ്ശൂര്‍ സ്വദേശിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്കി അവരുടെ പേരില്‍ വാങ്ങിയ ഒരു സ്കൂട്ടര്‍ ഇയാള്‍ തട്ടിയെടുത്ത് ഉപയോഗിച്ചുവരുകയായിരുന്നു. ഇയാളെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് ഒട്ടേറെ സ്ത്രീകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെട്ടുവരുന്നുണ്ട്.
ഇനിയും ഒട്ടേറെപ്പേര്‍ പരാതിയുമായി എത്താന്‍ സാധ്യതയുള്ളതായി ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി. ലാല്‍കുമാര്‍ അറിയിച്ചു. ഇയാളുടെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഒരുപാട് സ്ത്രീകളെ ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ദുര്‍ഗാലക്ഷ്മി, സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ്, സൈബര്‍ സെല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ജി. മിഥുന്, കെ.എസ്. നിധിന് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഉണ്ണിമോനാണത്രേ...ഉണ്ണിമോന്...
അരുണ്‍ ശശി എന്ന വിലാസത്തിലാണ് ഷിനോജ് ഫെയ്സ്ബുക്കില്‍ അറിയപ്പെടുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോന് എന്നാണ് പരിചയപ്പെടുത്തുന്നത്. യഥാര്‍ത്ഥപേരും വിലാസവും ആരോടും വെളിപ്പെടുത്തിയിരുന്നില്ല. പത്തുമാസം പ്രായമായ ഒരു കുട്ടിയുടെ അച്ഛനും വിവാഹബന്ധം വേര്‍പെടുത്തിയയാളുമാണ് ഷിനോജ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..