ഫായിസ്
ഉള്ളിയേരി: വീട്ടിൽ അതിക്രമിച്ചുകയറി വീടിന്റെ പിൻഭാഗത്തുള്ള വിറകുപുരയ്ക്ക് തീയിടുകയും വരാന്തയിലെ മേശയും കസേരയും സ്റ്റൂളും അടിച്ച് പൊട്ടിച്ച് കിണറ്റിലിടുകയുംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
ഉള്ളിയേരി പുതുവയൽക്കുനി ഫായിസിനെയാണ് (25) മലപ്പുറം അരിക്കോട് ലോഡ്ജിൽവെച്ച് അത്തോളി പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് പത്തിനാണ് കേസിനാസ്പദമായ സംഭവം. ഫായിസിന്റെ വീടിനടുത്തുള്ള ചോനോക്കണ്ടി യൂസഫിന്റെ വീട്ടിലാണ് അതിക്രമിച്ചുകയറിയത്. ഈസമയം യൂസഫ് വീട്ടിലുണ്ടായിരുന്നില്ല. യൂസഫിന്റെ മാതാവിനെ അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്.
യൂസഫിന്റെ സുഹൃത്തായ ഓട്ടോഡ്രൈവറുമായി ഫായിസ് വാക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാഹനമോടിക്കുമ്പോൾ പൊടിപാറിയതായിരുന്നു തർക്കത്തിനുകാരണം. ഇതിൽ യൂസഫ് ഇടപെട്ടതിലുള്ള പ്രകോപനം കാരണമാണ് ഫായിസ് വീടാക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിനുശേഷം ഫായിസ് ഒളിവിൽപ്പോയിരുന്നു. അത്തോളി സി.ഐ. പി. ജിതേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.മാരായ ആർ. രാജീവ്, കെ.പി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യാഴാഴ്ച രാത്രി 11.30-ഓടെ ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു. സിവിൽ പോലീസ് ഓഫീസർമാരായ ഒ. ഷിബു, കെ.എം. അനീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Content Highlights: youth arrested for burn home after arguing over dust
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..