.
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ യുവതിക്ക് നേരെ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും കൊടും ക്രൂരതയെന്ന് പരാതി. സ്ഥിരമായി മദ്യപിച്ചെത്തി യുവതിയെ കമ്പുപയോഗിച്ച് തല്ലിച്ചതയ്ക്കുമെന്ന് പരാതിയില്‍ പറയുന്നു. വെഞ്ഞാറമൂട് സ്വദേശി അക്ബര്‍ ഷായ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ച് കേസ് അട്ടിമറിക്കുന്നുവെന്നാണ് ആരോപണം.
തന്നെയും മകളെയും വീട്ടില്‍ നിന്നും ഇറക്കി വിട്ടു. റോഡിലൂടെ വലിച്ചിഴച്ചു. ആഹാരവും വെള്ളവും നല്‍കാതെ പട്ടിണി കിടത്തിയതായും യുവതി പറയുന്നു. മകളുടെ മുന്നില്‍ വച്ച് നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പലപ്പോഴായി താക്കീത് ചെയ്തെങ്കിലും ഭര്‍ത്താവില്‍ മാറ്റമുണ്ടായില്ലെന്നും യുവതി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിയും തന്നെ ഉപദ്രവിച്ചതായും വിവാഹത്തിനു ശേഷം തന്നെ ആദ്യം അടിക്കുന്നത് ഭര്‍തൃമാതാവാണെന്നും പരാതിക്കാരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകളെയോര്‍ത്താണ് താന്‍ ഇത്രയും കാലം സഹിച്ചതെന്നും വീട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു.
ഭര്‍ത്താവ് അക്ബര്‍ ഷാ സി.പി.ഐ പ്രവര്‍ത്തകനാണെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. ഇയാളുടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കുകയാണ്. പോലീസില്‍ പരാതി നല്കിയപ്പോള് നിരുത്തരവാദപരമായാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന് ദേഷ്യത്തോടെയാണ് പെരുമാറിയതെന്നും താന്‍ കരഞ്ഞാണ് പരാതി നല്‍കിയതെന്നും യുവതി ആരോപിക്കുന്നു. മകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ അത് പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥന് നല്‍കിയതെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.
2012-ലാണ് അക്ക്ബര്‍ ഷായും പരാതിക്കാരിയും വിവാഹിതരാകുന്നത്. സ്ത്രീധനം കുറഞ്ഞെന്നും മകനെ കുടുക്കിയതാണെന്നും പറഞ്ഞു ഭര്‍തൃമാതാവ് ഉപദ്രവിക്കുമായിരുന്നു. ഭര്‍ത്താവിന്റെ സഹോദരി തന്റെ താലിമാല വലിച്ചു പൊട്ടിച്ചതായും യുവതി പറഞ്ഞു. വിവാഹത്തിനു ശേഷം ഇരുവരും ഭാര്യാവീട്ടിലേക്കും പിന്നീട് വാടകവീട്ടിലേക്കും മാറിയിരുന്നു. നിലവില്‍ സ്വന്തം വീട്ടിലാണെന്നും മകളുടെ പഠനമടക്കമുള്ള കാര്യങ്ങളിലൊന്നും ഇയാള്‍ ഇടപെടാറില്ലെന്നും യുവതി ആരോപിക്കുന്നു.
Content Highlights: young woman was tortured by husband in name of dowry at trivandrum kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..