അക്രമം സംഭവിച്ച കെ.എസ്.ആർ.ടി.സി ബസ്, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള ദൃശ്യം
മലപ്പുറം: മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കുപോയ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിൽ യുവതിയെ അക്രമിച്ച സംഭവത്തിൽ കുത്തേറ്റ യുവതിയും ആക്രമിച്ച യുവാവും അടുപ്പത്തിലായിരുന്നുവെന്ന നിഗമനത്തിൽ പോലീസ്. യുവതി മറ്റൊരു ബന്ധത്തിലേക്ക് നീങ്ങുന്നുവെന്ന സംശയമാണ് യുവാവിനെ അക്രമത്തിന് പ്രേരിപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ച വിവരം.
സ്വയം കഴുത്തറുത്ത യുവാവിനെയും നെഞ്ചത്തു കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂർ സ്വദേശി സീതയ്ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച സനിൽ (25) വയനാട് മൂലങ്കാവ് സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ വെന്നിയൂരിൽ വെച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
സീത ആലുവയിൽ ഹോം നഴ്സാണെന്നാണ് വിവരം. ഇവർ അങ്കമാലിയിൽ നിന്നും യുവാവ് മലപ്പുറം എടപ്പാളിൽ നിന്നുമാണ് ബസിൽ കയറിയത്. ഇരുവരുടെയും ടിക്കറ്റ് സുൽത്താൻ ബത്തേരിയിലേക്കാണ്. യാത്രയുടെ തുടക്കത്തിൽ ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ഒരുമിച്ചായിരുന്നു ഇരുവരും ഇരുന്നിരുന്നത്. എന്നാല്‍ കോട്ടക്കലില്‍ വച്ച് റിസര്‍വേഷന്‍ യാത്രക്കാര്‍ കയറിയതോടെ പിന്‍സീറ്റിലേക്ക് മാറുകയായിരുന്നു.
പരിക്കേറ്റ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരുംചേർന്ന് ആദ്യം തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇവരെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ബസ് ഇടയ്ക്കുവെച്ച് ഭക്ഷണം കഴിക്കാനായി നിർത്തിയശേഷം പുറപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ നെഞ്ചത്തു കുത്തിയശേഷം യുവാവ് ബസിന്റെ പിന്നിലേക്കുപോയി ആ കത്തികൊണ്ട് സ്വയം കഴുത്തറുക്കുകയായിരുന്നു.
Content Highlights: young man who assaulted the woman in ksrtc bus slits his own throat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..