ശരത് ചന്ദ്രൻ
പിറവം: പുത്തന്‍ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത ശരത് ചന്ദ്രനെ (37) കക്കാട്ടിലെ വീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കക്കാട് ഊട്ടോളില്‍ ചന്ദ്രന്റെയും ലീലയുടെയും രണ്ട് മക്കളില്‍ മൂത്തതാണ്.
കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ ശരത് സിനിമാ രംഗത്ത് സജീവമായിരുന്നു. അങ്കമാലി ഡയറീസ്, കൂടെ, ഒരു മെക്സിക്കന്‍ അപാരത, സി.ഐ.എ. തുടങ്ങി ഏതാനും സിനിമകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വൈറ്റിലയില്‍ താമസിച്ചാണ് സിനിമ ചെയ്തുവന്നതെങ്കിലും ആറ് മാസമായി കക്കാട്ടിലെ വീട്ടിലായിരുന്നു. അവിവാഹിതനാണ്. വെള്ളിയാഴ്ച രാവിലെയാണ് ശരത്തിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നടത്തിയ പരിശോധനയില്‍, കിടക്കയില്‍ നിന്ന് ശരത് എഴുതിയ കത്ത് പോലീസ് കണ്ടെടുത്തു. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കത്തില്‍ സൂചനയുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായും കത്തിലുണ്ട്.
വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് കരുതുന്നതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നും സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഡി.എസ്. ഇന്ദ്രരാജ് പറഞ്ഞു.
പിതാവ് യു.കെ. ചന്ദ്രന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്നു. അതിനാല്‍ കുടുംബം കൊച്ചിയില്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. ചന്ദ്രന് റിട്ടയര്‍ ചെയ്ത ശേഷമാണ് കക്കാട്ടിലെ കുടുംബവീട്ടിലേക്ക് താമസം മാറ്റിയത്. ശരത്തിന്റെ സഹോദരന് ശ്യാം െബംഗളൂരുവില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം ശനിയാഴ്ച 2- ന് വീട്ടുവളപ്പില്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..