അജിഷ
പാലക്കാട്: ഭര്‍ത്തൃവീട്ടിലെ അടുക്കളയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ധോണി സ്വദേശിനി അജിഷയെയാണ് (32) തേനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.
ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ രാത്രി പത്തിനാണ് മരണം സ്ഥിരീകരിച്ചത്. വിഷം കഴിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സംഭവദിവസം രാവിലെ അമ്മ വസന്തയെവിളിച്ച് തേനൂരിലെ വീട്ടിലെത്താന്‍ അജിഷ ആവശ്യപ്പെട്ടിരുന്നു. ഇതേദിവസംതന്നെ ''മമ്മിയെ പപ്പ ശല്യംചെയ്യുന്നു, പോയി ചത്തൂടെ'' എന്ന് ചോദിക്കുന്നുവെന്ന് അജിഷയുടെ മക്കള്‍ വസന്തയ്ക്ക് വാട്സാപ്പില്‍ ശബ്ദസന്ദേശവും അയച്ചിരുന്നു.
തിങ്കളാഴ്ച ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അജിഷയുടെ ഭര്‍ത്താവ് പ്രമോദ് കരിമ്പ ഗ്രാമപ്പഞ്ചായത്തിലെ യു.ഡി. ക്ലാര്‍ക്കാണ്. മക്കള്‍: റോഹന്‍ മാധവ്, റിദ്വിന് മാധവ്. അപ്പുക്കുട്ടിയാണ് അജിഷയുടെ പിതാവ്. സഹോദരങ്ങള്‍: അനൂപ്, സൗമ്യ.
അസ്വാഭാവിക മരണത്തിന്കേസെടുത്തു
അജിഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം മങ്കരപോലീസില്‍ പരാതി നല്കി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. അജിഷയും ഭര്‍ത്താവ് പ്രമോദും തമ്മില്‍ നിരന്തരം വഴക്കായിരുന്നെന്ന് ഇവര്‍ പറയുന്നു. രണ്ടാഴ്ചമുമ്പുണ്ടായ വഴക്കില്‍ അജിഷയുടെ കൈയൊടിഞ്ഞിരുന്നു.
സര്‍ക്കാരുദ്യോഗസ്ഥനായ തനിക്ക് അതിനനുസരിച്ചുള്ള സ്ത്രീധനം ലഭിച്ചിട്ടില്ലെന്നുപറഞ്ഞ് നിരന്തരം ഭര്‍ത്താവ് ബുദ്ധിമുട്ടിക്കുമായിരുന്നു. ഇതിന്റെപേരിലും വഴക്കുണ്ടായിരുന്നെന്ന് അജിഷയുടെ കുടുംബം പറയുന്നു. തന്റെ സഹോദരി ആത്മഹത്യചെയ്യില്ലെന്നും ഭര്‍ത്താവാണ് ഇതിനുപിന്നിലെന്നുമാണ് സഹോദരന് അനൂപ് ആരോപിക്കുന്നത്. അജിഷയുടെ മക്കള്‍ വസന്തയ്ക്കയച്ച വാട്സാപ്പ് സന്ദേശവും ഇതിന് തെളിവായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..