പ്രതീകാത്മക ചിത്രം | PTI
പാലക്കാട്: ഭാര്യയ്ക്ക് ചെലവിനു നൽകാത്തതിന് കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും വഴങ്ങാത ഭർത്താവ്. മുങ്ങിനടന്ന ഭർത്താവിനെ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളിൽ വ്യാഴാഴ്ച നടന്ന തെളിവെടുപ്പിനിടെ വനിതാ കമ്മിഷൻ കൈയോടെ പിടികൂടി. പട്ടാമ്പി കൊപ്പം മേൽമുറി സ്വദേശി പുഷ്പരാജനെയാണ് (46) വനിതാ കമ്മിഷൻ പിടികൂടി കോടതിയിലെത്തിച്ചത്.
കോടതിയിലും വനിതാ കമ്മിഷൻ സിറ്റിങ്ങിലും ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു പുഷ്പരാജൻ. തെളിവെടുപ്പിനിടെ അപ്രതീക്ഷിതമായെത്തി. ഇയാളെ തിരിച്ചറിഞ്ഞ കമ്മിഷൻ ഡയറക്ടർ പി.ബി. രാജീവിന്റെ രഹസ്യനിർദേശപ്രകാരം പാലക്കാട് വനിതാ സെല്ലിൽനിന്ന് പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പിന്നീട് കൊപ്പം പോലീസിനു കൈമാറി. കമ്മിഷൻ അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു തെളിവെടുപ്പ്.
ഭാര്യയും വിവാഹിതയായ മകളും തൊഴിലാളികളായ രണ്ട് ആൺമക്കളുമടങ്ങുന്നതാണ് പുഷ്പരാജന്റെ കുടുംബം. ഭാര്യയ്ക്ക് പ്രതിമാസം 7,500 രൂപ ചെലവിനു നൽകാൻ പട്ടാമ്പി ജെ.സി.എം. കോടതി ഉത്തരവിട്ടിരുന്നു. ഇതു കണക്കിലെടുക്കാതെ പുഷ്പരാജൻ മുങ്ങി. ഇതോടെ, ചെലവിനു നൽകേണ്ട വകയിൽ കുടിശ്ശിക 1,10,000 രൂപയായി ഉയർന്നു. കുടിശ്ശികയായ 1,10,000 രൂപയിൽ 10,000 രൂപ കെട്ടിവെച്ചതോടെ പട്ടാമ്പി ജെ.സി.എം. കോടതി ജാമ്യത്തിൽവിട്ടു. ബാക്കിതുക 5,000 രൂപവീതം പ്രതിമാസ തവണകളായി അടയ്ക്കാമെന്ന ഉറപ്പും കോടതിയിൽ നൽകി.
ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മിഷൻ തെളിവെടുപ്പിൽ 12 പരാതികൾക്ക് തീർപ്പായി. ആറുപരാതികളിൽ വിശദമായ പോലീസ് റിപ്പോർട്ട് തേടി. രണ്ടു പരാതികളിൽ കക്ഷികളെ കൗൺസലിങ്ങിന് വിധേയരാക്കാനും തീരുമാനിച്ചു.
Content Highlights: women commission take action against husband who did not meet wife expenses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..