വീട്ടമ്മ പരിശോധിച്ച കൈയക്ഷരം, പ്രതി അജിത് കുമാർ
തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന്‍ ശൗചാലയത്തില്‍ പേരും ഫോണ്‍ നമ്പറും കുറിച്ചിട്ട വ്യക്തിയെ സ്വന്തം നിലയ്ക്ക് കണ്ടെത്തി തിരുവനന്തപുരം പാങ്ങാപ്പാറ സ്വദേശിയായ വീട്ടമ്മ. പ്രതിയുടെ കൈയക്ഷരം പരിശോധിച്ചാണ് വീട്ടമ്മ പ്രതിയെ തിരിച്ചറിഞ്ഞത്. വീട്ടമ്മയുടെ അഞ്ചു വര്‍ഷത്തിന് നീണ്ട പോരാട്ടത്തിനൊടുവില്‍ പ്രതിയായ ഡിജിറ്റല്‍ സര്‍വകലാശാല അസിസ്റ്റന്‍റ് പ്രൊഫസര്‍ അജിത്കുമാറിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
2018 മേയ് നാലിനാണ് വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലച്ചുവയോടെയുള്ള കോളുകളെത്തിയത്. തമിഴ് കലര്‍ന്ന സംസാരം. തുടര്‍ന്ന് മേയ് 8-ന് കൊല്ലത്തുനിന്നെത്തിയ ഒരു അപരിചിതന്റെ ഫോണ്‍കോളില്‍നിന്ന് ശൗചാലയത്തിലെ ഫോണ്‍ നമ്പറിനെക്കുറിച്ച് സൂചന ലഭിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ശൗചാലയത്തില്‍ വീട്ടമ്മയുടെ പേരും ഫോണ്‍ നമ്പറും കണ്ടതായും വിവരം ധരിപ്പിക്കാനാണ് വിളിച്ചതെന്നും അപരിചിതന്‍ പറഞ്ഞു.
തുടര്‍ന്ന് ഇയാള്‍ ചിത്രമെടുത്ത് തെളിവ് വീട്ടമ്മയ്ക്ക് വാട്സാപ്പില്‍ അയച്ചുകൊടുത്തു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ വഴിത്തിരിവായത്. വീട്ടമ്മയുടെ നിര്‍ദേശപ്രകാരം ഫോണ്‍നമ്പര്‍ അയാള്‍ മായ്ച്ചുകളഞ്ഞുവെന്നും അവര്‍ പറയുന്നു.
ചുവരിലെ കൈയക്ഷരം പരിചിതമായി തോന്നിയ വീട്ടമ്മ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹിയായ ഭര്‍ത്താവ് സൂക്ഷിച്ചിരുന്ന അസോസിയേഷന്റെ മിനുട്‌സ് ബുക്കിലെ കൈയക്ഷരവുമായി ഇത് ഒത്തുനോക്കി. വാട്സാപ്പിലൂടെ അപരിചിതന്‍ അയച്ച ചിത്രത്തിലെ കൈയക്ഷരവും മിനുട്‌സ് ബുക്കിലുള്ളതും ഒന്നാണെന്ന് ഒടുവില്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനകള്‍ക്കായി ബെംഗളൂരുവിലുള്ള സ്വകാര്യ ഫൊറന്‍സിക് ഏജന്‍സിക്ക് അയച്ച് ഉറപ്പുവരുത്തി.
മുന്‍പ് കരിയത്തെ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ഭര്‍ത്താവിനോടു പ്രതിക്കുള്ള വിരോധമാണ് പകവീട്ടലിനു കാരണമെന്നാണ് വീട്ടമ്മയുടെ ആരോപണം. തുടര്‍ന്ന് സൈബര്‍സെല്‍, അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, ഡി.ജി.പി., എറണാകുളം റെയില്‍വേ പോലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കി. വീട്ടമ്മയുടെ പരാതിയിന്മേലുള്ള ഫൊറന്‍സിക് പരിശോധനാഫലവും ഇവര്‍ക്ക് അനുകൂലമായി.
Content Highlights: womans phone number on railway toilet caught the suspect by looking at his handwriting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..