കൊല്ലം ഫാത്തിമ മാതാ കോളേജിനു സമീപം ഭാരത രാഞ്ജി പള്ളിക്ക് എതിർവശം ആൾതാമസമില്ലാത്ത റെയിൽവേ ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി
കൊല്ലം: കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയെ പ്രതി നാസുവെന്ന നസീം ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ട്. കഴിഞ്ഞ 29-ന് 3.30-ന് കൊല്ലം ബീച്ചിൽവെച്ചാണ് കൊല്ലപ്പെട്ട യുവതിയും പ്രതിയായ അഞ്ചൽ വയലാ ലക്ഷംവീട് കോളനിയിൽ നാസു(24)വും പരിചയപ്പെടുന്നത്.
സൗഹൃദം സ്ഥാപിച്ചശേഷം പ്രതി യുവതിയെ ചെമ്മാൻമുക്ക് ഭാരതരാജ്ഞി പള്ളിക്ക് എതിർവശത്തെ കാടുമൂടിയ റെയിൽവേ ക്വാർട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
ക്വാർട്ടേഴ്സിന്റെ പിൻവശത്ത് കതകില്ലാത്ത ജനലിലൂടെ കെട്ടിടത്തിനുള്ളിൽ കയറി തുടർച്ചയായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് യുവതി നിലവിളിച്ചത്. രാത്രി 8.30-ഓടെയാണ് കൊലപാതകം. മരിച്ചെന്ന് ഉറപ്പായശേഷം ഇവരുടെ ബാഗിൽനിന്ന് മൊബൈൽ ഫോണും പണവും ഇയാൾ കവർന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം ക്വാർട്ടേഴ്സിൽ കണ്ടെത്തിയത്. ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം നഗ്നമായ നിലയിലായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ പ്രതിയുടെ കൈവശം കണ്ടെത്തിയിരുന്നെങ്കിലും കളഞ്ഞുകിട്ടിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ വിട്ടയച്ചിരുന്നു.
മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിെലടുത്ത് ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പോക്സോ കേസിലും മോഷണക്കേസിലും പ്രതിയാണ് ഇയാൾ.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി
:യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി നാസുവിനെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ വാങ്ങി. മൂന്നുദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചത്. തെളിവെടുപ്പും ചോദ്യംചെയ്യലും ആരംഭിച്ചു. യുവതിയെ കാണാതായ 29-ന് രാത്രി അമ്മ ഇവരുടെ ഫോണിലേക്ക് വിളിച്ചപ്പോൾ മറ്റാരുടെയോ അവ്യക്തമായ സംസാരം കേട്ടതായി മൊഴിനൽകിയിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന സംശയവുമുണ്ട്. അതും പോലീസ് പരിശോധിക്കുന്നുണ്ട്.
തുമ്പായത് മൊബൈൽ ഫോൺ
കൊല്ലം:ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക തുമ്പായത് മോഷ്ടിച്ച മൊബൈൽ ഫോൺ. യുവതി കൊല്ലപ്പെട്ടെന്ന് അറിയുന്നതിനു മുമ്പേ ഫോണുമായി പ്രതി പിടിയിലായിരുന്നു. തനിക്ക് കളഞ്ഞുകിട്ടിയതാണ് ഫോൺ എന്നു പറഞ്ഞതോടെ പോലീസ് വിട്ടയച്ചെങ്കിലും ഇതേ ഫോണാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
പ്രതി നാസു(24) മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളാണ്. ബൈക്കും ഉപയോഗിക്കാറില്ല. നടന്നാണ് യാത്രകൾ. ഈ ഫോണുമായി 31-ന് രാത്രി പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ നാസുവിലേക്ക്
എത്താനും കൊലപാതകത്തിന്റെ ചുരുളഴിക്കാനും പോലീസിന് ഏറെ പണിപ്പെടേണ്ടിവന്നേനേ. മൃതദേഹം കണ്ടെത്തിയശേഷം അഞ്ചലിലെ വീട്ടിൽനിന്ന് നാസുവിനെ കസ്റ്റഡിയിലെടുത്തെങ്കിലും ആദ്യം ഇയാൾ കുറ്റം സമ്മതിച്ചില്ല. തുടരെയുള്ള ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകശേഷം യുവതിയുടെ ഫോൺ മോഷ്ടിച്ച പ്രതി, സിം കാർഡ് നശിപ്പിച്ചു. ഇതോടെ തെളിവു നശിച്ചെന്ന വിശ്വാസത്തിലായിരുന്നു നാസു. ഫോണിലെ 'കോൾ ലിസ്റ്റ്' നോക്കി അവസാനം വിളിച്ച നമ്പർവഴിയാണ് ഫോണിന്റെ ഉടമ കാണാതായ യുവതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
Content Highlights: woman was suffocated to death in railway headquarters case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..