ഒന്നരവയസ്സുകാരി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ നടപടിയെടുക്കാൻ വൈകുന്നുവെന്നാരോപിച്ച് അമ്മ ദിയ മാത്യു ആശുപത്രിക്ക് മുൻപിലിരുന്ന് പ്രതിഷേധിക്കുന്നു
എരുമേലി: പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഒന്നരവയസ്സുകാരി മരിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നാരോപിച്ച് സ്വകാര്യ ആശുപത്രിക്കെട്ടിടത്തിന്റെ മുകളില്‍കയറി അമ്മ ആത്മഹത്യാ ഭീഷണി മുഴക്കി. പോലീസെത്തി അനുനയിപ്പിച്ച് ഇവരെ താഴെയിറക്കി.
കാഞ്ഞിരപ്പള്ളി പാലമ്പ്ര പയ്യമ്പള്ളി പ്രിന്‍സ് തോമസിന്റെ ഭാര്യ ദിയ മാത്യുവാണ് കുട്ടിയെ ചികിത്സിച്ച എരുമേലിയിലെ സ്വകാര്യ ആശുപത്രിയുടെ മൂന്നാംനിലയില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. മൂന്നാംനിലയില്‍ കയറിയ ദിയയെ ആശുപത്രിയിലെ ശുചീകരണക്കാരാണ് ആദ്യംകണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. എരുമേലി എസ്.ഐ. ശാന്തി കെ.ബാബുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി അനുനയിപ്പിക്കുകയും ദിയ സ്വമനസ്സാലെ തിരികെ ഇറങ്ങുകയുമായിരുന്നു. അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
രക്ഷിതാക്കളെ എരുമേലി പോലീസ് സ്റ്റേഷനിലെത്തിച്ച് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.കാഞ്ഞിരപ്പള്ളി പാലമ്പ്ര പയ്യമ്പള്ളിയില്‍ പ്രിന്‍സ് തോമസ്-ദിയ ദമ്പതിമാരുടെ ഒന്നരവയസ്സുള്ള മകള്‍ സെറാ മരിയ പ്രിന്‍സ് തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് സെപ്റ്റംബറിലാണ് മരിച്ചത്. 12-ന് രാവിലെ പാല്‍പാത്രം മറിഞ്ഞ് തിളച്ച പാല്‍ ദേഹത്തുവീണാണ് കുഞ്ഞിന് പൊള്ളലേറ്റത്.ഇടതുകണ്ണിലും ചെവിയിലും ഉള്‍പ്പെടെ ശരീരത്തിന്റെ ഇടതുവശത്ത് സാരമായി പൊള്ളലേറ്റ കുഞ്ഞിനെ ആദ്യം 26-ാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിറ്റേന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. 16 ദിവസം ചികിത്സയില്‍ കഴിഞ്ഞ സെറയുടെ നില വഷളായതിനെത്തുടര്‍ന്ന് മരിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസിന്റെ മറുപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയായിരുന്നു. മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ പിഴവാണെന്നും പരാതികൊടുത്ത് മൂന്നുമാസം കഴിഞ്ഞിട്ടും നടപടികള്‍ ഉണ്ടായില്ലെന്നുമാണ് രക്ഷിതാക്കളുടെ ആരോപണം. തുടര്‍ന്ന്, പോലീസ് അനുനയിപ്പിച്ച് സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പരാതിയില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് ഈ മാസം മെഡിക്കല്‍ ബോര്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍.ബാബുക്കുട്ടന്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍, ആശുപത്രി അധികൃതര്‍, ആംബുലന്‍സ് ഡ്രൈവര്‍ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ ബോര്‍ഡ് നിയമിക്കുന്ന പാനല്‍ റിപ്പോര്‍ട്ടില്‍ പരിശോധന നടത്തി ചികിത്സാ പിഴവുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: woman suicide threat in erumeli hospital
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..