പ്രതീകാത്മക ചിത്രം/ Pics4News
ബെംഗളൂരു: കേസ് അവസാനിപ്പിക്കാന്‍ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ എസ്.ഐ.യും കോണ്‍സ്റ്റബിളും അറസ്റ്റില്‍. ബെംഗളൂരു മെട്രോപൊളിറ്റന്‍ ടാസ്ക് ഫോഴ്സില്‍ (ബി.എം.ടി.എഫ്.) എസ്.ഐ. ആയ ബേബി വലേകര്‍, കോണ്‍സ്റ്റബിള്‍ ശ്രീനിവാസ് എന്നിവരെയാണ് അഴിമതിവിരുദ്ധ ബ്യൂറോ (എ.സി.ബി.) പിടികൂടിയത്.
സ്ഥലമിടപാട് സംബന്ധിച്ച് ബെന്‍സണ്‍ ടൗണ്‍ സ്വദേശിയുടെ പേരിലുള്ള കേസ് അവസാനിപ്പിക്കുന്നതിനാണ് ബേബി വലേക്കറും ശ്രീനിവാസും ചേര്‍ന്ന് കൈക്കൂലി വാങ്ങിയത്. 2016-ല്‍ രജിസ്റ്റര്‍ചെയ്ത കേസ് തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ നേരത്തേ അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, പ്രതിയെന്ന് ആരോപിക്കപ്പെട്ടയാള്‍ ഇതറിഞ്ഞിരുന്നില്ല. കഴിഞ്ഞമാസം ബേബി വലേകര്‍ ഇയാളെ വിളിച്ച് ഒരുലക്ഷംരൂപ നല്കിയാല് കേസ് അവസാനിപ്പിക്കാമെന്ന് അറിയിച്ചു. എന്നാല്‍, കൈക്കൂലി ആവശ്യപ്പെട്ട വിവരം ഇയാള്‍ അഴിമതി വിരുദ്ധ ബ്യൂറോയെ അറിയിക്കുകയായിരുന്നു.
അഴിമതിവിരുദ്ധ ബ്യൂറോയുടെ നിര്‍ദേശമനുസരിച്ച് കഴിഞ്ഞദിവസം ഒരുലക്ഷം രൂപയുമായി ഇയാള്‍ ബി.എം.ടി.എഫ്. ആസ്ഥാനത്തെത്തി. ബേബി വലേകറിനുവേണ്ടി ശ്രീനിവാസാണ് കൈക്കൂലി വാങ്ങിയത്. ഇതോടെ എ.സി.ബി. ഉദ്യോഗസ്ഥര്‍ ശ്രീനിവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ബേബി വലേകറും പിടിയിലായി. 2013-ലും 2016-ലും വിവിധ ആരോപണങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥയാണ് ബേബി വലേകര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..