വാടകരേഖയിൽ പേര് റാം ബഹദൂർ, ലക്ഷ്മി; പതിവായി വീട്ടിൽനിന്ന് ബഹളം, കൊച്ചിയിലെ കൊലപാതകത്തിൽ ദുരൂഹതകളേറെ


ഒന്നര വർഷമായി ഇരുവരും ഈ വീട്ടിൽ താമസിച്ചു വരികയാണ്. പതിവായി വീട്ടിൽനിന്ന് ബഹളം കേൾക്കാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ കുറച്ചു ദിവസമായി ആളനക്കം ഉണ്ടായിരുന്നില്ല.

പ്രതീകാത്മ ചിത്രം | Photo: മാതൃഭൂമി

കൊച്ചി: കൊച്ചിയിൽ കടവന്ത്ര, ഗിരിനഗറിലെ വാടക വീട്ടിൽ മറുനാട്ടുകാരി യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലും കമ്പിളിയിലും പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ലക്ഷ്മിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന ഭർത്താവ് റാം ബഹദൂറിനെ കാണാനില്ല. അഴുകിത്തുടങ്ങിയ മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ട്.

റാം ബഹദൂർ, ലക്ഷ്മി എന്നീ പേരാണ് വീട് വാടകയ്ക്ക് എടുക്കുമ്പോൾ പറഞ്ഞിരുന്നത്. തിരിച്ചറിയൽ കാർഡൊന്നും നൽകിയിട്ടുമില്ല. വാടക രേഖയിൽ നൽകിയ മേൽവിലാസം തെറ്റാണെന്ന് തെളിഞ്ഞു. ഇതോടെ ഇവർ നൽകിയ പേരും തെറ്റാവാമെന്ന കണക്കുകൂട്ടലിലാണ് പോലീസ്.ഒന്നര വർഷമായി ഇരുവരും ഈ വീട്ടിൽ താമസിച്ചു വരികയാണ്. പതിവായി വീട്ടിൽനിന്ന് ബഹളം കേൾക്കാറുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ കുറച്ചു ദിവസമായി ആളനക്കം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ദുർഗന്ധം വന്നതോടെ വീട്ടുടമ അയൽക്കാരെയും തുടർന്ന് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. കൊലപാതകം നടത്തിയത് ഭർത്താവ് തന്നെയാണെന്നും കരുതുന്നു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

യുവതി മഹാരാഷ്ട്ര സ്വദേശി ലക്ഷ്മിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇവർ നേപ്പാൾ സ്വദേശിയെന്ന് സംശയിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പത്താഴ്ചയ്ക്കിടെ ഇത് എട്ടാം കൊലപാതകം

കൊച്ചി: രണ്ടര മാസത്തിനിടെ കൊച്ചിയിൽ നടന്നത് എട്ട്‌ കൊലപാതകങ്ങൾ. കൊച്ചി ചിലവന്നൂരിനു സമീപം ഗിരിനഗറിൽ വാടക വീട്ടിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതാണ് ഒടുവിലത്തേത്. ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ലഹരിയുടെ സ്വാധീനമുണ്ടെന്ന് സിറ്റി പോലീസ് വ്യക്തമാക്കിയിരുന്നു. മുൻവൈരാഗ്യവും പെട്ടെന്നുള്ള പ്രകോപനവും ഒപ്പം ലഹരിയും ചേരുന്നതാണ് പല കൊലപാതകങ്ങൾക്കും പിന്നിൽ.

ആറു കേസിൽ പ്രതികളെ പിടികൂടാൻ പോലീസിനായിട്ടുണ്ട്. കത്തിക്കുത്തിലാണ് അഞ്ചുപേർ മരിച്ചത്. കേസുകളിൽ പിടിയിലായവർ മുഴുവനും യുവാക്കളാണ്.

ഓഗസ്റ്റ് 11

എറണാകുളം ടൗൺഹാളിനു സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കൊല്ലം നീണ്ടകര മേരിലാൻഡിൽ എഡിസണെ (35) കുത്തിക്കൊന്നു. പ്രതി മുളവുകാട് ചുങ്കത്ത് സുരേഷിനായി (38) ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. അപരിചിതരായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

ഓഗസ്റ്റ്‌ 14

പുലർച്ചെ രണ്ടിന് സൗത്ത് റെയിൽവേ സ്റ്റേഷനുസമീപം കളത്തിപ്പറമ്പ് റോഡിലുണ്ടായ വാക്കുതർക്കത്തിൽ വരാപ്പുഴ മുട്ടിനകം കളത്തിപ്പറമ്പിൽ ശ്യാം ശിവാനന്ദനെ (33) ഒരു സംഘം കുത്തിക്കൊന്നു. മൂന്നു പ്രതികളെ പിടികൂടി. സൗത്ത് പാലത്തിനു സമീപമുണ്ടായിരുന്ന ട്രാൻസ് ജെൻഡറുകളുമായി സംസാരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഓഗസ്റ്റ്‌ 16

കാക്കനാട്ടുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പ്രതി കോഴിക്കോട് സ്വദേശി അർഷാദിനെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പിറ്റേന്ന് കാസർകോട്ടു നിന്ന് പിടിച്ചു.

മയക്കുമരുന്ന് വില്പനയ്ക്കായി കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഓഗസ്റ്റ്‌ 28

സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സുഹൃത്തിനെ നെട്ടൂരിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ഭർത്താവ് തലയ്ക്കടിച്ചുകൊന്ന സംഭവമുണ്ടായി.

പാലക്കാട് പിരാമൽ ഫിനാൻസിൽ എക്സിക്യുട്ടീവായ വടശേരിത്തൊടിയിൽ അജയ് കുമാറിനെയാണ് (25) പാലക്കാട് പുതുശേരി കളത്തിൽ സുരേഷ് (32) വീൽ സ്പാനർകൊണ്ട് തലയ്ക്കടിച്ചുകൊന്നത്. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 10

ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലെ കമന്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കലൂരിൽ 10-ന് പുലർച്ചെ ഒന്നിന് യുവാവ് കുത്തേറ്റു മരിച്ചു. വെണ്ണല സ്വദേശി സജുൻ സഹീറാണ് (28) മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന കലൂർ സ്വദേശി കിരൺ ആന്റണി (24) യുടെ അറസ്റ്റ് പോലീസ് പിന്നീട് രേഖപ്പെടുത്തി. വീടുകയറിയുള്ള ആക്രമണത്തിനിടെയാണ് കൊലപാതകം.

സെപ്റ്റംബർ 17

ഇരുമ്പനത്ത് കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പുത്തൻകുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തിൽ വാടകയ്ക്ക് താമസിക്കുന്ന പ്രവീൺ ഫ്രാൻസിസ് (42) 17-നാണ് മരിച്ചത്. പ്രതി തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയിൽ മാലായിൽ അച്ചു എന്ന അഖിലിനെ (27) തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻവൈരാഗ്യത്തെ തുടർന്ന് ഇയാൾ പ്രവീണിനെ വിളിച്ചുവരുത്തി കുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

സെപ്റ്റംബർ 24

കലൂരിൽ നടന്ന സംഗീതനിശയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഗാനമേള സ്ഥലത്ത് നേരിയ സംഘർഷമുണ്ടായതിനെ തുടർന്ന് രാജേഷും സുഹൃത്തുക്കളും ചേർന്ന് പുറത്താക്കി. അല്പസമയത്തിനു ശേഷം ഇവർ വീണ്ടും തിരിച്ചെത്തി രാജേഷിനെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് ഇടിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു. പ്രതിയെ പിന്നീട് കാസർകോട്ടുനിന്ന് അറസ്റ്റ് ചെയ്തു.

Content Highlights: Woman's body found wrapped in sheet inside Kochi house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented