പ്രതീകാത്മക ചിത്രം | UNI
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടില്‍ യുവതിയെ ശൗചാലയത്തില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ഭര്‍ത്താവിനൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ ഇരുപത് വയസ്സുകാരിയാണ് സ്റ്റേഷന് പുറത്തെ ശൗചാലയത്തില്‍ അതിക്രമത്തിനിരയായത്. യുവതിയെ ബലാത്സംഗം ചെയ്തയാള്‍ സംഭവത്തിന് ശേഷം രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ഭര്‍ത്താവിനൊപ്പം അഹമ്മദാബാദിലേക്ക് പോകാനായാണ് യുവതി പ്രതാപ്ഘട്ട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഇതിനിടെ ഭക്ഷണം വാങ്ങാനായി ഭര്‍ത്താവ് സ്റ്റേഷന് പുറത്തേക്ക് പോയി. പിന്നാലെ യുവതി സ്റ്റേഷനിലെ ശൗചാലയ കെട്ടിടത്തിലേക്കും പോയി. യാത്രക്കാരുടെ തിരക്കായതിനാല്‍ സ്റ്റേഷനിലെ ശൗചാലയം ഉപയോഗിക്കാനായില്ല. തുടര്‍ന്ന് സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് ഭര്‍ത്താവിനെ കാത്തിരുന്നു. ഇതിനിടെയാണ് പ്രതി യുവതിയെ സമീപിച്ചത്.
എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചാണ് പ്രതി യുവതിയുടെ അടുത്തെത്തിയത്. ശൗചാലയത്തില്‍ പോകണമെന്നും അതിനുള്ള സൗകര്യം സമീപത്തുണ്ടോ എന്നും യുവതി തിരക്കി. ഇതോടെ പ്രതി ശൗചാലയ സൗകര്യം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
റെയില്‍വേ സ്റ്റേഷന് പുറത്തുള്ള ഒരു ശൗചാലയത്തിലേക്കാണ് പ്രതി യുവതിയെ കൊണ്ടുപോയത്. വാതില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ ഇത് തുറക്കാനുള്ള താക്കോലും നല്കി. എന്നാല്‍ യുവതി പൂട്ട് തുറന്ന് ശൗചാലയത്തില്‍ പ്രവേശിച്ചതിന് പിന്നാലെ പ്രതി അതിക്രമിച്ച് കയറുകയും വാതില്‍ അകത്തുനിന്ന് പൂട്ടി യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ചില നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ഇതിനിടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു.
യുവതിയുടെ പരാതിയില്‍ ബലാത്സംഗ കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍പോയ പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കോട് വാലി എസ്.എച്ച്.ഒ. ആര്.എന്‍. റായി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: woman raped inside public toilet in uttar pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..