പ്രതീകാത്മക ചിത്രം | മാതൃഭൂമി
പത്തനംതിട്ട: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതിയെ പീഡിപ്പിച്ച ബന്ധുവും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍. യുവതിയുടെ ബന്ധുവായ വാഴമുട്ടം സ്വദേശി, ഭര്‍ത്താവിന്റെ സുഹൃത്തായ വള്ളിക്കോട് സ്വദേശി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഏപ്രില്‍ 26-ന് രാത്രി ഒമ്പതുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഭാര്യയെ സന്ദര്‍ശിക്കാനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ പ്രതികള്‍ കാറില്‍വെച്ച് പീഡിപ്പിച്ചെന്നാണ് 31-കാരിയുടെ പരാതി. ഏപ്രില്‍ 26-ന് രാത്രിയിലാണ് സുഹൃത്തിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പരാതിക്കാരിയും ഭര്‍ത്താവും ഇവരെ സന്ദര്‍ശിക്കാനും ഇവര്‍ക്കുള്ള വസ്ത്രങ്ങള്‍ നല്‍കാനുമായി പത്തനംതിട്ടയിലെ ആശുപത്രിയിലേക്ക് പോകാനൊരുങ്ങി. ഇതിനിടെ ബന്ധുവായ വാഴമുട്ടം സ്വദേശിയും മറ്റുചിലരും ആശുപത്രിയിലേക്ക് പോകാനായി ഇവിടെ എത്തിയിരുന്നു.
എല്ലാവര്‍ക്കും കാറില്‍ പോകാന്‍ കഴിയാത്തതിനാല്‍ യുവതിയുടെ ഭര്‍ത്താവ് മറ്റൊരാളുടെ ഇരുചക്രവാഹനത്തില്‍ കയറി ആശുപത്രിയിലേക്ക് യാത്രതിരിച്ചു. യുവതി ബന്ധുവിനും ഭര്‍ത്താവിന്റെ സുഹൃത്തിനും ഒപ്പം കാറിലും കയറി. യുവതിയെ കൂടാതെ പ്രതികളായ രണ്ടുപേരും മറ്റൊരാളുമാണ് കാറിലുണ്ടായിരുന്നത്. എന്നാല്‍ യാത്രയ്ക്കിടെ പ്രതികള്‍ വാഹനം മറ്റൊരു വഴിയിലേക്ക് തിരിച്ചു. തുടര്‍ന്ന് കാറില്‍വെച്ച് യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് പരാതി.
സംഭവത്തിന് ശേഷം ഏറെ വൈകിയാണ് പ്രതികള്‍ കാറുമായി പത്തനംതിട്ടയിലെ ആശുപത്രിയില്‍ എത്തിയത്. എന്താണ് വൈകാന്‍ കാരണമെന്ന് യുവതിയുടെ ഭര്‍ത്താവ് ചോദിച്ചപ്പോള്‍ വാഹനത്തില്‍ ഇന്ധനം തീര്‍ന്നെന്നും ഇതുകാരണം വൈകിയെന്നുമായിരുന്നു പ്രതികളുടെ മറുപടി. പീഡനത്തെക്കുറിച്ച് യുവതിയും ഭര്‍ത്താവിനോട് വെളിപ്പെടുത്തിയിരുന്നില്ല.
രണ്ടുദിവസത്തിന് ശേഷം 28-ാം തീയതിയാണ് കാറില്‍വെച്ചുണ്ടായ ദുരനുഭവം യുവതി ഭര്‍ത്താവിനോട് തുറന്നുപറഞ്ഞത്. ഇതോടെ ഭര്‍ത്താവ് കോന്നി പോലീസിനെ ഫോണില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ദമ്പതിമാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
Content Highlights: woman raped by relative and husband's friend in konni pathanamthitta
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..