അവള്‍ വഞ്ചിച്ചു, കൊല്ലണം, വണ്ടിക്കാശ് വേണം; ഉപദേശിക്കാന്‍ പോയ പോലീസുകാരിക്ക് നേരെ കത്തിവീശി 15കാരന്‍


അരുണ്‍ ജയകുമാര്‍

നിഷ ജോഷി | Photo: facebook.com/nisha.joshy

കോട്ടയം: ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടി തന്നെ വഞ്ചിച്ചുവെന്നും അവളെ കൊലപ്പെടുത്താന്‍ പോകാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് വീട്ടില്‍ ബഹളമുണ്ടാക്കി പത്താം ക്ലാസ് വിദ്യാര്‍ഥി. വെറു പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഈ കുട്ടിയെ അനുനയിപ്പിക്കാന്‍ പോയ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ് ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥയായ നിഷ ജോഷി. വെട്ടുകത്തിയുമായി പാഞ്ഞടുത്ത കുട്ടിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ജീവന്‍ തിരിച്ച് കിട്ടിയതെന്ന് അവര്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

സ്റ്റുഡന്റ് പോലീസിന്റെ ചുമതലയുള്ളതിനാല്‍ നിഷ രാവിലെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുള്ള ക്ലാസ് എടുത്ത ശേഷം മടങ്ങിയെത്തിയപ്പോള്‍ ഒരാള്‍ സ്‌റ്റേഷനില്‍ നില്‍ക്കുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ തന്റെ മകന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്നു. വഞ്ചിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ കണ്ണൂരിലേക്ക് പോകാന്‍ പണം നല്‍കണമെന്നാണ് പതിനഞ്ച് വയസ്സുള്ള കുട്ടിയുടെ ആവശ്യമെന്നും അച്ഛന്‍ അറിയിച്ചു.

ഉടന്‍ തന്നെ യൂണിഫോം മാറി സിവില്‍ വേഷത്തില്‍ കുട്ടിയുടെ പിതാവിനൊപ്പം വീട്ടിലേക്ക് തിരിച്ചു. പ്രശ്‌നമുണ്ടാക്കുന്നത് കുട്ടിയല്ലേയെന്നും പോലീസ് വേഷവും സ്‌റ്റേഷനിലെ വാഹനവും കണ്ട് പേടിക്കേണ്ടെന്നും കരുതിയാണ് ഇങ്ങനെ പോയതെന്നും ചൈല്‍ഡ് ഫ്രണ്ട്‌ലി ഓഫീസര്‍ കൂടിയായ ഉദ്യോഗസ്ഥ പറഞ്ഞു. വീട്ടിലെത്തിയപ്പോള്‍ ക്ഷോഭിച്ച് നില്‍ക്കുകയായിരുന്ന കുട്ടി തന്നെ കണ്ടപ്പോള്‍ ഇതാരാണ് എന്ന് തിരക്കി. സ്‌റ്റേഷനില്‍ നിന്ന് വന്നതാണെന്ന് അച്ഛന്‍ പറഞ്ഞത് കേട്ടപ്പോള്‍ അകത്തേക്ക് പാഞ്ഞ കുട്ടി ഒരു വെട്ടുകത്തിയുമായി തിരികെ വന്ന് തനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

അലറി അടുത്ത കുട്ടിയോട് സംയമനത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ലെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും മനസ്സിലായപ്പോള്‍ മുറ്റത്ത് നിന്ന് പുറത്തേക്ക് ഓടുക മാത്രമേ തനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂവെന്നും ഉദ്യോഗസ്ഥ പറയുന്നു. വീടിന് പുറത്തേക്ക് ഓടിയ തന്നെ ആക്രമിക്കാന്‍ ആയുധവുമായി കുട്ടി പിന്നാലെ വന്നു.

വീട്ടിലുണ്ടായിരുന്നവര്‍ കുട്ടിയെ തടയാന്‍ ശ്രമിച്ചെങ്കിലും ദേഷ്യത്തോടെ അവരെ തള്ളിമാറ്റിയ ശേഷം കുട്ടി വെട്ടുകത്തി തനിക്ക് നേരെ വീശിയെങ്കലും ഒഴിഞ്ഞുമാറി. ഒരു നിമിഷം മരണത്തെ മുന്നില്‍ക്കണ്ടുവെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. തന്റെ മകന്റെ പ്രായം മാത്രമുള്ള ഒരു കുട്ടിയില്‍ നിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചില്ല. അവനെ ചേര്‍ത്ത് നിര്‍ത്തി സമാധാനിപ്പിക്കണമെന്നും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിക്കണമെന്നുമാണ് കരുതിയതെങ്കിലും അതിനൊന്നും കഴിഞ്ഞില്ല.

പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയില്‍ നിന്ന് ഇത്രയും ഭീകരമായ ഒരു നീക്കമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സെല്‍ഫ് ഡിഫന്‍സിന്റെ പാഠങ്ങളൊന്നും ആ നിമിഷം തനിക്ക് ഓര്‍മയില്‍ വന്നില്ലെന്നും നിഷ ജോഷി പറഞ്ഞു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ അറിയാത്ത പോലീസുകാരോ എന്ന് ആരും ചിന്തിക്കേണ്ടെന്നും ഗെയിം അഡിക്ഷനുള്ള കുട്ടികള്‍ വൈലന്റ് ആകുന്നത് പ്രവചിക്കാന്‍ പോലും കഴിയാത്ത രീതിയിലാണെന്നും നിഷ പറഞ്ഞു.

മകന്‍ ഇത്രത്തോളം പ്രശ്‌നമുണ്ടാക്കുന്ന പ്രകൃതക്കാരനാണെന്ന് സ്റ്റേഷനില്‍ പരാതിപറയാനെത്തിയ അവന്റെ അച്ഛന്‍ പറഞ്ഞിരുന്നുമില്ല. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ച് പോയ തനിക്ക് ആ നിമിഷം ഓര്‍മവന്നത് അച്ഛനില്ലാത്ത തന്റെ കുട്ടികള്‍ക്ക് അമ്മയെ കൂടി നഷ്ടമാകുമോ എന്ന് മാത്രമായിരുന്നു. ഒരു ദിവസത്തെ സ്റ്റാറ്റസിനപ്പുറം ആരും ഓര്‍ക്കില്ലെന്ന തിരച്ചറിവ് കൂടിയായപ്പോള്‍ ആയുധവുമായി എത്തിയ കുട്ടിയില്‍ നിന്ന് രക്ഷപ്പെടുകയെന്ന ചിന്ത മാത്രമേ തനിക്ക് മുന്നിലുണ്ടായിരുന്നുള്ളൂവെന്നും നിഷ പറയുന്നു.

സമീപത്ത് ഒരു വീടിന്റെ ഗേറ്റ് തുറന്ന് കിടന്നത് കണ്ട് അങ്ങോട്ട് കയറുകയായിരുന്നു. ആ വീട്ടുകാരോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അതിന് തയ്യാറായില്ല. പോലീസുകാരിയാണെന്ന് പറഞ്ഞപ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാനായിരുന്നു ആവശ്യം. പിന്നീട് പോലീസ് സ്‌റ്റേഷനില്‍ വീട്ടുകാര്‍ വിളിച്ച് തിരക്കിയ ശേഷമാണ് അവര്‍ വാതില്‍ തുറന്നത്. എന്നാല്‍ ആ സമയമായപ്പോള്‍ തന്നെ തേടി കുട്ടി ആയുധവുമായി റോഡിലേക്ക് ഇറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ആ വീട്ടിലേക്ക് കയറിയില്ല.

ഈ സമയം സ്‌റ്റേഷനില്‍ നിന്ന് ജീപ്പുമായി ഡ്രൈവര്‍ എത്തി. വഴിയരികില്‍ കണ്ട ഡ്രൈവറോട് കുട്ടി ഒരു പോലീസുകാരി ഇങ്ങോട്ട് വന്നുവെന്നും അവരെ തേടിയാണ് ഇറങ്ങിയതെന്നും അറിയിച്ചു. അപ്പോഴേക്കും അവിടെ കൂടുതല്‍ ആളുകള്‍ എത്തി. താന്‍ ആക്രമിക്കപ്പെട്ടാലും കുട്ടിയെന്ന പരിഗണന അവന് കിട്ടും. അതുകൊണ്ട് തന്നെ കുട്ടിയെ കൗണ്‍സിലിങ്ങിന് എത്തിക്കാനുള്ള എല്ലാ സംവിധാവനവും ഒരുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാമെങ്കിലും അത് വീട്ടുകാരോട് പറയാന്‍ കുട്ടി തയ്യാറല്ല.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പോ അല്ലെങ്കില്‍ പഴയ തലമുറയിലെ കുട്ടികളെപ്പോലെയോ അല്ല ഇന്നത്തെ കാലത്തെ കുട്ടികള്‍. കാലം ഒരുപാട് മാറിയിരിക്കുന്നു. രണ്ട് വര്‍ഷമായി അവര്‍ക്ക് ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കയ്യിലുണ്ട്. ഫ്രീഫയറും പബ്ജിയും പോലത്തെ ഗെയിമുകള്‍ കളിച്ച് വളരുന്ന കുട്ടികളെ ലാഘവത്തോടെ കൈകാര്യം ചെയ്യാമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും നിഷ പറയുന്നു. കുട്ടികളെ കൃത്യമായി കൗണ്‍സിലിങ് ചെയ്യുകയെന്നതാണ് ഇത്തരം കേസുകളില്‍ ചെയ്യേണ്ടത്. ഇടപെടുന്നതിന് പോലീസുകാര്‍ക്ക് പലപ്പോഴും പരിമിതികളുണ്ട്.

Content Highlights: woman police officer explains how she escaped from murder attempt of 15 year old boy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented