സോണിദേവി, ശുക്ലാദേവി | Screengrab: Youtube.com/STVN-INDIA
പട്‌ന: പങ്കാളിയായ 18-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് യുവതിയുടെ പരാതി. ബിഹാറിലെ സമസ്തിപുര്‍ സ്വദേശിനിയായ ശുക്ലാദേവി(32)യാണ് തന്റെ ജീവിതപങ്കാളിയും ഭര്‍ത്താവിന്റെ സഹോദരിയുമായ സോണിദേവി(18)യെ അവരുടെ മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയതായി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വനിതാ ഓഫീസറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ശുക്ലാദേവിയുടെ ഭര്‍ത്താവ് പ്രമോദ് ദാസിന്റെ സഹോദരിയാണ് സോണിദേവി. ആറുമാസം മുമ്പാണ് ശുക്ലാദേവിയും സോണിയും വിവാഹിതരായത്. ഇക്കാര്യമറിഞ്ഞതോടെ സോണിയുടെ മാതാപിതാക്കളും മറ്റുബന്ധുക്കളും എതിര്‍പ്പറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി സോണിയെ തട്ടിക്കൊണ്ടുപോയെന്നാണ് ശുക്ലാദേവി ആരോപിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പത്തുവര്‍ഷം മുമ്പാണ് ശുക്ലാദേവിയും പ്രമോദ് ദാസും വിവാഹിതരാകുന്നത്. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുമുണ്ട്. എന്നാല്‍ ഇതിനിടെ ശുക്ലാദേവി ഭര്‍ത്താവിന്റെ സഹോദരിയായ സോണിയുമായി പ്രണയത്തിലായി. തുടര്‍ന്ന് ഇരുവരും വിവാഹിതരായി ഒരുമിച്ച് താമസിച്ചുവരുന്നതിനിടെയാണ് സോണിയെ അവരുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്.
'ഞങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നു. വിവാഹവും കഴിച്ചു. വിവാഹശേഷവും ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു. ഇത് ശരിയായ പ്രണയമാണ്. സോണി വളരെ നല്ലവളാണ്'- ശുക്ലാദേവി പറഞ്ഞു.
ശുക്ലാദേവിയും സോണിയും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുന്നതില്‍ ഭര്‍ത്താവ് പ്രമോദ് ദാസിനും എതിര്‍പ്പുണ്ടായിരുന്നില്ല. 'അവള്‍ സന്തോഷവതിയാണെങ്കില്‍ താനും സന്തോഷവാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഭാര്യ തന്റെ സഹോദരിയുമായി പ്രണയത്തിലായെന്നും പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സോണിയെ വിവാഹം കഴിച്ചതിന് പിന്നാലെ ശുക്ലാദേവി പേര് ഉള്‍പ്പെടെ മാറ്റിയതായി ബന്ധുക്കള്‍ പറഞ്ഞു. സുരാജ് കുമാര്‍ എന്നാണ് പേര് മാറ്റിയത്. മുടി വെട്ടിമാറ്റുകയും പുരുഷന്മാരെപ്പോലെ വസ്ത്രം ധരിക്കുകയും ചെയ്തിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനും ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ചില വീഡിയോകള്‍ കണ്ടതോടെ ശുക്ല പിന്നീട് ശസ്ത്രക്രിയയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
Content Highlights: woman marries husband's sister in bihar now filed kidnap case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..