കമൽകാന്ത് ഷാ,കാജൽ
മുംബൈ: ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സാന്താക്രൂസ് വെസ്റ്റില്‍ താമസിച്ചിരുന്ന കല്‍കാന്ത് ഷാ (45) ആണ് രണ്ടര മാസം മുമ്പ് കൊല്ലപ്പെട്ടത്. ഭാര്യ കാജല്‍ ഷാ, കാമുകന് ഹിതേഷ് ജയിന് എന്നിവരാണ് പിടിയിലായത്.
ഷായെ ചികിത്സിച്ച ബോംബെ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാര്യയിലേക്കും കാമുകനിലേക്കും എത്തിച്ചതെന്നും അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് അറിയിച്ചു. ശാസ്ത്രീയ-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് കാജലിനേയും ഹിതേഷിനേയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
വസ്ത്ര വ്യാപാരിയായിരുന്ന കമല്‍കാന്ത് ഷാ 2002-ലാണ് കാജലിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്, 20-വയസുകാരിയായ മകളും 17-കാരനായ മകനും. കാജലും ഹിതേഷും തമ്മില്‍ ദീര്‍ഘനാളുകളായി ബന്ധമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇതേച്ചൊല്ലി കാജലും ഷായും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഷായെ ഒഴിവാക്കി ഹിതേഷിനെ വിവാഹം കഴിക്കാനും ഷായുടെ സ്വത്തുക്കള്‍ സ്വന്തമാക്കാനുമായിരുന്നു ഇരുവരുടെയും പദ്ധതി.
ജൂണില്‍ കമല്‍കാന്ത് ഷായുടെ അമ്മ മരിച്ചു. ഇതിന് ശേഷമാണ് ഷായെ കൊല്ലാന്‍ കാജല്‍ പദ്ധതിയിട്ടത്. അന്നു മുതല്‍ ഷായുടെ ഭക്ഷണത്തില്‍ കാജല്‍ വിഷം കലര്‍ത്തി തുടങ്ങി. ഇത്തരത്തില്‍ പല തവണം വിഷം നല്‍കിയതോടെ ഷായുടെ ആരോഗ്യ നില വഷളായി. ഓഗസ്റ്റ് 27-ന് അന്ധേരിയിലെ ക്രിറ്റ്കെയര്‍ ആശുപത്രിയിലാണ് ഷായെ ആദ്യം അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിനാണ് ബോംബെ ആശുപത്രിയിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 19-ന് ഇദ്ദേഹം മരിക്കുകയും ചെയ്തു.
ഷായുടെ മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം സാന്തക്രൂസ് പോലീസില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഷായുടെ സഹോദരിയെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി. ഷായുടെ സഹോദരി കവിത ലാല്‍വാനിക്കും സഹോദരന്റെ മരണത്തില്‍ സംശയമുയര്‍ന്നു.
പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഒക്ടോബറില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഷായുടെ ഭാര്യ കാജലിനേയും ഹിതേഷ് ജയിനേയും മറ്റു ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യംചെയ്തു. തുടര്‍ന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാജലിനേയും ജയിനേയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ഡിസംബര്‍ എട്ടുവരെ റിമാന്‍ഡ് ചെയ്തു.
കമല്‍കാന്ത് ഷായുടെ അമ്മയുടെ മരണത്തിലും ദുരൂഹത
മൃതദേഹത്തില്‍ താലിയം, ആര്‍സെനിക് എന്നിവയുടെ സാന്നിധ്യം ഉള്ളതായി ഷായുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വയറുവേദനയെ തുടര്‍ന്നാണ് ഷാ ആദ്യം ഡോക്ടറെ സമീപിക്കുന്നത്. ആദ്യം കുടുംബ ഡോക്ടറെ കണ്ടു. വേദനയും ഛര്‍ദ്ദിയും നിലക്കാതായതോടെയാണ് അന്ധേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷവസ്തുക്കള്‍ പ്രതികള്‍ക്ക് എത്തിച്ച് നല്കിയ ആളാണ് കേസിലെ പ്രധാന സാക്ഷി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാജലിനേയും ജയിനേയും പത്ത് മണിക്കൂറോളം വെവ്വേറെ ചോദ്യംചെയ്തതോടെയാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്.
ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ വയറുവേദന വന്നാണ് ഷായുടെ അമ്മ മരണപ്പെട്ടത്. ഇതോടെ അവരുടെ മരണത്തിലും ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷവും നടന്നുവരികയാണ്.
'വയറുവേദനയുമായി എത്തിയ ഷായുടെ അവയവങ്ങള്‍ ഓരോ ദിവസവും തകരാറിലാകുന്നത് ഡോക്ടര്‍മാരിലും ഞെട്ടലുണ്ടാക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ രക്തം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഇതില്‍ അമിത അളവില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്നാണ് വിഷം അകത്തുചെന്നത് സംബന്ധിച്ച് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചത്', ഷായുടെ സഹോദരന് അരുണ്‍ ലാല്‍വാനി പറഞ്ഞു.
അന്വേഷണത്തില്‍ ഷായും ഭാര്യ കാജലും തമ്മിലുള്ള ബന്ധം സൗഹാര്ദ്ദപരമായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. '2021-ല്‍ കാജലിന്റെ ബാല്യകാല സുഹൃത്തായ ജെയിനുമായുള്ള ഫോണ്‍ കോളുകളെ കുറിച്ച് ഷാ ചോദ്യംചെയ്തു. കാജല്‍ ഭര്‍ത്താവുമായി വഴക്കിട്ട് മാതാപിതാക്കളോടൊപ്പം പോയി. ചില നിബന്ധനകളോടെ ഈ വര്‍ഷം ജൂണ്‍ 15-ന് മടങ്ങിവന്നു. ഷായുമായി പഴയ പോലെ ബന്ധമുണ്ടാകില്ലെന്നും മകള്‍ക്ക് വേണ്ടിയാണ് തിരിച്ചെത്തിയതെന്നും കാജല്‍ പറഞ്ഞിരുന്നു', പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴും കാജല്‍ ഷായോട് വഴക്കിടുകയും രണ്ട് ലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തത് കുടുംബത്തിന് സംശയത്തിനിടയാക്കിയിരുന്നു. 'മറ്റെല്ലാ കുടുംബാംഗങ്ങളും മരുന്നുകള്‍ വാങ്ങാന്‍ ഓടിനടക്കുമ്പോള്‍, കവിത ഷായെ സഹായിക്കാനോ ഒരു തരത്തിലുള്ള മാനസിക ആശ്വാസം നല്‍കാനോ പോലും ശ്രമിച്ചില്ല. രക്തപരിശോധന നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അവള് ആശുപത്രിയില്‍നിന്ന് പോയി. ഷായും അമ്മയും കഴിച്ച അതേ ഭക്ഷണം കവിതയും കഴിച്ചിരുന്നോ എന്ന് അറിയുന്നതിന് പോലീസ് ശ്രമിച്ചിരുന്നു', ഷായുടെ സഹോദരി പറഞ്ഞു.
Content Highlights: Woman, lover arrested for poisoning husband-murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..