കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശി? യുവാവിനായി തിരച്ചില്‍; രണ്ടരമാസം, കൊച്ചിയിലെ എട്ടാം കൊല


Screengrab: Mathrubhumi News

കൊച്ചി: ഇളംകുളത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ച യുവാവിനായി പോലീസിന്റെ തിരച്ചില്‍ തുടരുന്നു. വീട് വാടകയ്‌ക്കെടുത്തപ്പോള്‍ ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

അതേസമയം, കൊല്ലപ്പെട്ട യുവതിയും ഒപ്പംതാമസിച്ചിരുന്ന യുവാവും നേപ്പാള്‍ സ്വദേശികളാണെന്നാണ് പോലീസിന്റെ സംശയം. വീട് വാടകയ്‌ക്കെടുത്തപ്പോള്‍ ഇവര്‍ നല്‍കിയിരുന്ന വിലാസവും മറ്റുരേഖകളും തെറ്റാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്മി, റാം ബഹദൂര്‍ എന്നീ പേരുകളിലുള്ള രേഖകളാണ് ഇവര്‍ വീട്ടുടമയ്ക്ക് നല്‍കിയിരുന്നത്. ദമ്പതിമാരാണെന്നും പറഞ്ഞിരുന്നു.കഴിഞ്ഞ ഒന്നരവര്‍ഷമായി യുവതിയും യുവാവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുടമ ഇവരോട് വീട് ഒഴിഞ്ഞുനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് അഞ്ചുദിവസം മുമ്പ് രണ്ടുപേരെയും കാണാതായത്. ഇരുവരും നാട്ടില്‍ പോയതാകുമെന്നായിരുന്നു വീട്ടുടമ കരുതിയത്. എന്നാല്‍ കഴിഞ്ഞദിവസം വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികൊണ്ട് വരിഞ്ഞുകെട്ടിയതാണെന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ചൊവ്വാഴ്ച ഫൊറന്‍സിക് സംഘവും പരിശോധന നടത്തി.

രണ്ടരമാസത്തിനിടെ കൊച്ചിയിലെ എട്ടാമത്തെ കൊലപാതകം; നടുക്കം

രണ്ടരമാസത്തിനിടെ കൊച്ചിയില്‍ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണ് ഇളംകുളത്തെ യുവതിയുടേത്. ഓഗസ്റ്റ് ആദ്യവാരം എറണാകുളം ടൗണ്‍ ഹാളിന് സമീപം കൊല്ലം സ്വദേശി കുത്തേറ്റ് മരിച്ചതായിരുന്നു ആദ്യസംഭവം. ഇതിനുപിന്നാലെ ഏഴ് കൊലപാതകങ്ങളാണ് നഗരത്തിലും പരിസരത്തും അരങ്ങേറിയത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസത്തെ സംഭവം.

അതേസമയം, ഈ കൊലപാതകങ്ങളൊന്നും സംഘടിതമായ കുറ്റകൃത്യങ്ങളുടെ ഭാഗമായി നടന്നതല്ലെന്നായിരുന്നു കൊച്ചി പോലീസിന്റെ വിശദീകരണം. പോലീസിന്റെ അനാസ്ഥ കൊണ്ടല്ല ഇത്തരം കൊലപാതകങ്ങള്‍ നടന്നതെന്നും നേരത്തെ നടന്ന കൊലപാതകങ്ങളെല്ലാം പെട്ടെന്നുണ്ടായ ക്ഷോഭം നിമിത്തം യാദൃശ്ചികമായി സംഭവിച്ചവയാണെന്നും പോലീസ് പത്രക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു.

ആദ്യ കൊലപാതകം ഓഗസ്റ്റ് 11-ന്...

ഓഗസ്റ്റ് 11-ന് അര്‍ധരാത്രിയോടെ എറണാകുളം ടൗണ്‍ഹാളിന് സമീപത്താണ് കൊല്ലം സ്വദേശിയായ എഡിസണ്‍ കൊല്ലപ്പെട്ടത്. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന എഡിസണെ കുത്തിക്കൊല്ലുകയായിരുന്നു. മുളവുകാട് ചുങ്കത്ത് സുരേഷാണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു.

കൊല 02: എറണാകുളം സൗത്തില്‍ യുവാവിനെ കുത്തിക്കൊന്നു

എഡിസന്റെ കൊലപാതകം നടന്ന് കൃത്യം മൂന്നാം ദിവസമാണ് എറണാകുളം സൗത്തില്‍ അര്‍ധരാത്രി വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊന്നത്. സൗത്ത് പാലത്തിന് താഴെ നിന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ അടുത്തേക്കെത്തിയ ഹര്‍ഷാദ്, സുധീര്‍, തോമസ് എന്നിവരും അവിടെയുണ്ടായിരുന്ന ശ്യാമും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ കൈയിലിരുന്ന കത്തിയെടുത്ത് ഹര്‍ഷാദ് ശ്യാമിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഒളിവില്‍പ്പോയ പ്രതികളെ പോലീസ് തൊട്ടടുത്ത ദിവസംതന്നെ പിടികൂടി.

കൊല 03: ഫ്‌ളാറ്റില്‍ മൃതദേഹം ഒളിപ്പിച്ചു

രണ്ടാം കൊലപാതകം കഴിഞ്ഞ് രണ്ടാംദിവസമായ ഓഗസ്റ്റ് 16-നാണ് മൂന്നാമത്തെ കൊലപാതകം നടന്നതായി അറിയുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്ളാറ്റില്‍ ഹോട്ടല്‍ ജീവനക്കാരനായ സജീവ് കൃഷ്ണയെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഡക്ടിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഫ്ളാറ്റില്‍ ഒപ്പമുണ്ടായിരുന്ന അര്‍ഷാദിനെ രണ്ടുദിവസത്തിന് ശേഷം കാസര്‍കോട് നിന്നാണ് പോലീസ് പിടിച്ചത്. മയക്കുമരുന്ന് വ്യാപാര തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊല 04: നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു

മൂന്നാമത്തെ കൊലപാതകം കഴിഞ്ഞ് 11 ദിവസത്തിന് ശേഷം ഓഗസ്റ്റ് 28-നാണ് നാലാമത്തെ കൊലപാതകം നടക്കുന്നത്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സുഹൃത്തായ പാലക്കാട് സ്വദേശി അജയിനെ നെട്ടൂരിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തി ഭര്‍ത്താവ് സുരേഷ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അടിയേറ്റ് ഓടിയ അജയ്, നെട്ടൂര്‍ മാര്‍ക്കറ്റ്റോഡില്‍ വീണ് മരിക്കുകയായിരുന്നു. പ്രതിയെ അന്നുതന്നെ പോലീസ് അറസ്റ്റു ചെയ്തു.

കൊല 05: മുന്‍വൈരാഗ്യം കലാശിച്ചത് കൊലപാതകത്തില്‍

നാലാം കൊലപാതകം കഴിഞ്ഞ് 12 ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 10-നാണ് അഞ്ചാമത്തെ കൊലപാതകം. പണമിടപാടു സംബന്ധിച്ച് കലൂരില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ വെണ്ണല സ്വദേശി സജിന്‍ സഹീര്‍ കൊല്ലപ്പെടുകയായിരുന്നു. മുന്‍ വൈരാഗ്യവും സാമൂഹികമാധ്യമത്തിലെ പോസ്റ്റും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് പോലീസ്ഭാഷ്യം.

കൊല 06: ഇരുമ്പനത്തെ കത്തിക്കുത്തില്‍ യുവാവ് മരിച്ചു

അഞ്ചാമത്തെ കൊലപാതകത്തിന് ശേഷം വീണ്ടുമൊരു കത്തിക്കുത്തുണ്ടാകുന്നത് സെപ്റ്റംബര്‍ 18-ന് ആണ്. ഇരുമ്പനത്താണ് കത്തിക്കുത്ത് നടന്നത്. പുത്തന്‍കുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രവീണ്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയില്‍ അഖിലാണ് മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് പ്രവീണിനെ വയറ്റില്‍ കുത്തി വീഴ്ത്തിയത്. കുത്തു കിട്ടിയതിനെ തുടര്‍ന്ന് മുണ്ടെടുത്ത് വയറ്റില്‍ മുറുക്കി കെട്ടി ബൈക്ക് ഓടിച്ച് സ്വകാര്യ ആശുപത്രിയിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സയിലായിരുന്ന പ്രവീണ്‍ പിന്നീട് മരിച്ചു. അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൊല 07: കലൂരില്‍ സംഗീതനിശയ്ക്കിടെ കത്തിക്കുത്ത്...

സെപ്റ്റംബര്‍ 25-ന് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നില്‍ ലേസര്‍ സംഗീതനിശ പാര്‍ട്ടിക്കിടെയുണ്ടായ കത്തിക്കുത്തില്‍ എം.ആര്‍. രാജേഷ് കൊല്ലപ്പെടുന്നത് നഗരത്തിലെ അഞ്ചാം കൊലപാതകം കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ്. കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നടന്ന പരിപാടിക്ക് ആവശ്യത്തിന് പോലീസ് ബന്തവസ്സുണ്ടായിരുന്നില്ല. സംഘാടകര്‍ ജി.സി.ഡി.എ.യുടെ അനുമതി വാങ്ങിയിരുന്നെങ്കിലും പോലീസിന്റെ മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. അനുമതിയില്ലാതെ ഇത്രവലിയ രീതിയില്‍ സംഘടിപ്പിക്കുന്ന പരിപാടി പോലീസ് തടയേണ്ടതായിരുന്നു. അതുണ്ടായില്ല. കേസിലെ മുഖ്യപ്രതിയായ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈനെ പോലീസ് പിന്നീട് കര്‍ണാടക അതിര്‍ത്തിയില്‍നിന്ന് അതിസാഹസികമായി പിടികൂടി.

Content Highlights: woman killed in elamkulam kochi police searching for her live in partner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented