സ്‌കൂട്ടര്‍ തടഞ്ഞ് യുവതിയെ കഴുത്തറുത്ത് കൊന്നു, നടുക്കം; പ്രതിയെ മരത്തില്‍ കെട്ടിയിട്ട് നാട്ടുകാര്‍


സഹോദരിക്ക് മരുന്ന് വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന ദേവികയെ ബൈക്കിലെത്തിയാണ് പ്രതി തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.

Screengrab: Youtube.com/CEC Facts

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കാക്കിനാഡയില്‍ പട്ടാപ്പകല്‍ യുവതിയെ മുന്‍ കാമുകന്‍ കഴുത്തറുത്ത് കൊന്നു. രാമചന്ദ്രപുരം ഗംഗാവരം സ്വദേശി ദേവിക(22)യെയാണ് നടുറോഡിലിട്ട് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ബിക്കാവോലു സ്വദേശി ഗബ്ബാല വെങ്കിട്ട സൂര്യനാരായണ(25)യെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നും കൊല്ലപ്പെട്ട യുവതിയും പ്രതിയും നേരത്തെ കമിതാക്കളായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് സ്‌കൂട്ടറില്‍ വരികയായിരുന്ന യുവതിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തിയ ശേഷം യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സഹോദരിക്ക് മരുന്ന് വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന ദേവികയെ ബൈക്കിലെത്തിയാണ് പ്രതി തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈവശം ആസിഡ് നിറച്ച കുപ്പിയുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. പ്രതിയെ കൈകാര്യം ചെയ്ത ശേഷമാണ് നാട്ടുകാര്‍ പോലീസിന് കൈമാറിയത്.

ബിരുദപഠനത്തിന് ശേഷം പോലീസ് കോണ്‍സ്റ്റബിള്‍ ജോലിക്ക് ശ്രമിക്കുകയായിരുന്നു കൊല്ലപ്പെട്ട ദേവിക. ഏതാനുംവര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ മരിച്ചതോടെ അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ദേവികയുടെ അമ്മ വിദേശത്താണ് ജോലിചെയ്യുന്നത്. ബിക്കാവോലു സ്വദേശിയായ സൂര്യനാരായണയും അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഗ്രാമത്തില്‍ താമസിക്കുന്നത്. ഇയാളുടെ മാതാപിതാക്കള്‍ ഹൈദരാബാദിലാണെന്നും പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ദേവികയും സൂര്യനാരായണയും ഏറെക്കാലം പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും ഇവരുടെ വിവാഹം നടത്താനും തീരുമാനിച്ചു. എന്നാല്‍ രണ്ടുതവണ വിവാഹം നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചെങ്കിലും മുടങ്ങിപ്പോയി. ഇതിനുപിന്നാലെ ദേവിക കാമുകനില്‍നിന്ന് അകലംപാലിക്കുകയും കോണ്‍സ്റ്റബിള്‍ ജോലിക്കായുള്ള ശ്രമങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയുമായിരുന്നു. ഇതിനിടെ ദേവിക മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് പ്രതി സംശയിച്ചു. തുടര്‍ന്ന് ദേവികയെ ദിവസങ്ങളോളം ഇയാള്‍ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇതിനുപിന്നാലെയാണ് കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

അതിനിടെ, കാക്കിനാഡയിലെ കൊലപാതകത്തില്‍ മുഖ്യമന്ത്രി വൈ.എസ്. ജഗ്മോഹന്‍ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. പ്രതിക്കെതിരേ ദിശ നിയമപ്രകാരം കേസെടുക്കണമെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കി. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ദേവികയുടെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു.


Content Highlights: woman killed by lover in kakinada andhra pradesh accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented